കോവിഡിനെതിരെയുള്ള യുദ്ധത്തിൽ വിജയം കൈയെത്താവുന്ന ദൂരത്തിൽ നിൽക്കുമ്പോഴും ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നത് ഇന്ത്യൻ ഇനം തന്നെയെന്ന് വിദഗ്ദർ. നിലവിൽ ബ്രിട്ടനിൽ വ്യാപകമായുള്ള കെന്റ് ഇനത്തേക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഇന്ത്യൻ ഇനം എന്ന് പ്രൊഫസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകുന്നു.

ലണ്ടനിൽ കണ്ടെത്തിയ പുതിയ രോഗികളിൽ 40 മുതൽ 50 ശതമാനം വരെ പേരിൽ ഈ ഇനത്തിന്റെ സാന്നിദ്ധ്യമുള്ളതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ബി. 1.617.2 എന്ന ശാസ്ത്രീയ നാമമുള്ള ഈ ഇനം വൈറസ് അതിവേഗം വ്യാപിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇന്ത്യൻ ഇനം രോഗം ഗുരുതരമാക്കുമെന്നോ അല്ലെങ്കിൽ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷി ഇതിനുണ്ട് എന്നോ ഇതുവരെ തെളിയിക്കാനായിട്ടില്ല. എന്നാൽ, വ്യാപനശേഷി കൂടുതലാണെന്ന കാര്യത്തിൽ വ്യക്തത കൈവരിച്ചിട്ടുണ്ട്. വൈറസുകൾക്ക് ഏതുനിമിഷവും ജനിതകമാറ്റം സംഭവിക്കാം. കെന്റ് ഇനവും ഇന്ത്യൻ ഇനവുമൊക്കെ അങ്ങനെ ഉണ്ടായതാണ്. ഇത് ഇനിയും സംഭവിച്ചുകൂടെന്നില്ല എന്നും ക്രിസ് വിറ്റി പറയുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുക്കൊണ്ടുള്ള ബോറിസ് ജോൺസന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ക്രിസ് വിറ്റിയുടെ ഈ പ്രസ്താവന വന്നത്. അതേസമയം ബ്രിട്ടനിലെ രോഗവ്യാപന തോത് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 2357 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. നാല് മരണങ്ങളും രേഖപ്പെടുത്തി.

ഇന്ത്യൻ ഇനത്തിൽ തന്നെ മൂന്ന് വകഭേദങ്ങളുണ്ട്. ഇതിൽ രണ്ടാമത്തെ ഇനമാണ് കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ നിന്നുമെത്തുന്ന അഞ്ച് പേരിൽ ഒരാളിൽ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇത് കാണീക്കുന്നത്, ഈ ഇനം സാമൂഹ്യ സമ്പർക്കത്തിലൂടെ രാജ്യത്ത് വ്യാപിക്കുന്നു എന്നതാണ്. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയവരിൽ 16 ശതമാനം മാത്രമാണ് വിദേശയാത്രകൾ നടത്തിയിട്ടുള്ളത്. എന്നാൽ മറ്റു ഭാഗങ്ങളിൽ ഇത് 50 ശതമാനം വരെയുണ്ട്.

മറ്റ് ഇനങ്ങളുടെ വ്യാപനം ക്രമമായി താഴ്ന്നു വരുമ്പോൾ, ഇന്ത്യൻ ഇനത്തിന്റെ വ്യാപനം ഒരാഴ്‌ച്ച കൊണ്ട് ഇരട്ടിയാകുന്നു എന്ന് പ്രശസ്ത പകർച്ചവ്യാധി വിദഗ്ദയായ ദീപ്തി ഗുർദാസാനി ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു. അതായത്, നിലവിൽ നിയന്ത്രണങ്ങൾ ഉള്ള സാഹചര്യത്തിൽ പോലും ഈ ഇനം വൈറസ് ക്രമാതീതമായി പടര്ന്നു പിടിക്കുന്നു എന്നർത്ഥം. ഈ ഇനത്തെ കണ്ടെത്തുന്നതിലും ഇതിന്റെ വ്യാപനം തടയുന്നതിനും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രത്യേക നടപടികൾ കൈക്കൊള്ളുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.

വാക്സിനുകളെ ഉപയോഗശൂന്യമാക്കുന്ന രീതിയിലുള്ള ജനിതകമാറ്റം ഇന്ത്യൻ ഇനത്തിന് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഇനിയും ശാസ്ത്രലോകത്തിന് ആയിട്ടില്ല. ഭാവിയിൽ ഇത്തരത്തിലുള്ള ഒരു ജനിതകമാറ്റം ഉണ്ടായേക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ഈ അനിശ്ചിതത്വമാണ് യഥാർത്ഥത്തിൽ ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നത്. അതേസമയം ആഗോളാടിസ്ഥാനത്തിൽ തന്നെ ആശങ്കയുണർത്തിയേക്കാവുന്ന ഒരിനം വൈറസായി ഇന്ത്യൻ ഇനത്തെ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തു.

ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ ഇനം കൊറോണ വൈറസ്, ദക്ഷിണാഫ്രിക്കൻ ഇനം, ബ്രസീലിയൻ ഇനം തുടങ്ങിയവയാണ് ഈ പട്ടികയിലുള്ള മറ്റ് കൊറോണ വകഭേദങ്ങൾ. ഇന്ത്യൻ ഇനത്തിന്റെ അതിവ്യാപനശേഷി കണക്കിലെടുത്താണ് ഇതിനെ കൂടി അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ചേർത്തതെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.