ടുത്ത തിങ്കളാഴ്‌ച്ച മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച ഇന്നലെ, കഴിഞ്ഞ ജൂലായ്ക്ക് ശേഷം ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്താതെ കടന്നുപോയ ദിവസമായിരുന്നു ഇംഗ്ലണ്ടിൽ. ബ്രിട്ടനിൽ രേഖപ്പെടുത്തിയ നാല് മരണങ്ങളു വെയിൽസിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ പുതിയതായി 2,357 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം വർദ്ധിക്കാതെ ഇരിക്കുകയും മരണനിരക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തിന്റെ കോവിഡ് അലേർട്ട് ലവൽ നാലിൽ നിന്നും മൂന്നായി കുറച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലേതിനേക്കാൾ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി, ദീർഘകാലാടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ രോഗവ്യാപനം കുറയുക തന്നെയാണെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്. അതേസമയം, ഇംഗണ്ടിൽ ഒരു ദിവസം കോവിഡ് മരണങ്ങൾ ഇല്ലാതെ കടന്നുപോയത് തികച്ചും വലിയൊരു നേട്ടം തന്നെയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ അവകാശപ്പെടുന്നത്.

അതേസമയം, വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോവുകയാണ് ഇന്നലെ 1,81,171 പേർക്ക് വാക്സിന്റെ രണ്ടാം ഡോസ് നൽകിയതോടെ ഇതുവരെ 17.86 ദശലക്ഷം പേർക്ക് വാക്സിൻ രണ്ടാം ഡോസ് ലഭിച്ചുകഴിഞ്ഞു. 35.47 മില്ല്യൺ പേർക്ക് രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞു. യഥാർത്ഥ സാഹചര്യം വിലയിരുത്തിയുള്ള പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത് അസ്ട്ര സെനെകയുടെ വാക്സിൻ ആദ്യ ഡോസ് രോഗവ്യാപനത്തെ തടയുന്നതിൽ 80 ശതമാനം വിജയം കണ്ടൂപ്പോൾ ഫൈസറിന്റെ ആദ്യ വാക്സിൻ 97 ശതമാനം കാര്യക്ഷമത പ്രദർശിപ്പിച്ചു എന്നാണ്.

അങ്ങനെ പൊതുവേ കോവിഡ് യുദ്ധത്തിൽ ബ്രിട്ടൻ പൂർണ്ണജയത്തിലേക്ക് അടുക്കുമ്പോഴും ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മീതെ ഭീഷണി ഉയർത്തി തൂങ്ങിക്കിടക്കുകയാണ് ഇന്ത്യൻ വകഭേദം. അതിവ്യാപന ശേഷിയുള്ള ഈ ഇനത്തിന്റെ വ്യാപന തോത് ഒരാഴ്‌ച്ച കൊണ്ട് ഇരട്ടിയായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ ഇനത്തിന് അതിവ്യാപന ശേഷിയുണ്ടെന്ന് തെളിഞ്ഞെങ്കിലും ഇതിന് വാക്സിനെ നിർവീര്യമാക്കുവാനുള്ള കെൽപുണ്ടോ എന്ന കാര്യത്തിൽ തീരെ വ്യക്തത കൈവന്നിട്ടില്ല. ഇതും ബ്രിട്ടനിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.