കണ്ണുർ: കേരളത്തിലെ കോവിഡ് മരണങ്ങൾ സർക്കാർ മറച്ചു പിടിക്കുകയാണെന്ന കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കെ.സുധാകരന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ.കെ ശൈലജ. ഇത്തരം ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട കാര്യമില്ല. കേരളം പോലെ കോവിഡ് കണക്കുകൾ ഇത്ര സുതാര്യമായി അവതരിപ്പിക്കുന്ന സംസ്ഥാനം വേറെയില്ല.

എല്ലാ ദിവസവും വൈകുന്നേരവും മുഖ്യമന്ത്രി തന്നെ ഇവിടെ ചാനലുകൾക്ക് മുൻപിൽ കണക്കുകൾ പറയുന്നുണ്ട്. കൊ വിഡായാലും മറ്റു മരണങ്ങളായാലും കൃത്യമായി ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെക്കാൾ കൊ വിഡ് മരണങ്ങൾ ഇത്തവണ കുറവാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണിത്. പരമാവധി ജീവൻ രക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ നയം.ഓരോ ജീവനും വിലപ്പെട്ടതാണ്. രോഗ പ്രതിരോധ ചികിത്സയുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണെന്ന് ലോക രാജ്യങ്ങൾ തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പൂജ്യശതമാനത്തിലെത്തിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെ കൊ വിഡ് പ്രതിരോധത്തിന്റെ കുറ്റം പറയുന്നവർ മറ്റു സംസ്ഥാനങ്ങളുടെ സാഹചര്യം കുടി പരിഗണിക്കണം ഗംഗയിലൊക്കെ എഴുപതും നൂറുമൊക്കെ ശവശരീരങ്ങൾ ഒഴുകിയെത്തിയത് ഏതു കണക്കിൽ ഉൾപ്പെടുത്തണം'ഇതൊക്കെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. കേരളത്തിൽ ഓക്‌സിജൻ സിലിൻഡർ ക്ഷാമം നേരിടുന്നത് ഇപ്പോഴും വലിയ വിഷമമാണെന്ന് കുടുതൽ ഓക്‌സിജൻ അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശൈലജ പറഞ്ഞു.കർണാടകത്തിൽ നിന്നും ഇപ്പോൾ ഓക്‌സിജൻ സിലിൻഡർ കിട്ടുന്നില്ല.

അവരും സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നത് നിർത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്നും ഓക്‌സിജൻ സിലിൻഡർ കൊണ്ടുവരുന്നതിനായി ട്രക്കുകൾക്ക് ക്ഷാമം നേരിടുകയാണെന്ന് മന്ത്രി ചുണ്ടിക്കാട്ടി. ഇതിനായി കൂടുതൽ ട്രക്കുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.