ആലുവ : പ്രപഞ്ച നാഥന്റെ അനുഗ്രഹമായ പ്രാണ വായുവിന്റെ വില ലോകം മനസ്സിലാക്കിയ റമളാൻ ആണ് കഴിഞ്ഞു പോയതെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യ രക്ഷാധികാരി നാഇബെ ഖുതുബുസ്സമാൻ ഡോ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു. അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായി, അണുമണി തൂക്കം പോലും അഹങ്കാരമില്ലാതെ ഭൂമിയിൽ ജീവിക്കുക എന്നതാണ് ഈദുൽ ഫിത്തർ നൽകുന്ന സന്ദേശം. 'അല്ലാഹുവിനും റസൂലിനും ഉലിൽ അംറിനും നിങ്ങൾ വഴിപ്പെടുക 'എന്ന ഖുർആനിക അദ്ധ്യാപനം അതിലേക്കാണ് നയിക്കുന്നത്.

മനുഷ്യന്റെ അഹങ്കാരത്തിൽ നിന്നുമാണ് ലോകത്ത് സർവ്വ നാശങ്ങളും സംഭവിച്ചിട്ടുള്ളത്. ഓരോ ശ്വാസത്തിലും പ്രവാചകനെയും പ്രപഞ്ച നാഥനെയും സ്മരിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യരാശിയെ കൈ പിടിച്ചുയർത്തുന്ന ഉന്നതമായ ഖുർആനിക സിദ്ധാന്തത്തിന്റെ പ്രയോഗിക വൽക്കരണത്തിലൂടെയാണ് അഹങ്കാരം തുടച്ചു നീക്കപ്പെടുന്നത്. അതിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നവരെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അല്ലാഹുവിന്റെ സഹായ വലയത്തിലാണവർ ഉള്ളതെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ തന്റെ ഈദുൽ ഫിതർ സന്ദേശത്തിൽ പറഞ്ഞു.

കോവിഡ് മഹാ മാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് സഹായം ലഭ്യമാക്കാൻ പ്രയത്‌നിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് എല്ലാ വിധ പിന്തുണയും സഹകരണവും നൽകാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ആവശ്യപ്പെട്ടു.