- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലബനനുമായുള്ള യുദ്ധത്തിൽ തുടങ്ങി ചിന്ത; രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും; മഴയോ വെയിലോ പൊടിക്കാറ്റോ പ്രശ്‌നമല്ല; 70 കിലോമീറ്റർ വരെയുള്ള ഭീഷണികളെ പ്രതിരോധിക്കും; ഹമാസിന്റെ മിസൈലുകളെ ആകാശത്ത് ചുട്ടെരിച്ച് ഇസ്രയേൽ; അയൺ ഡോം എന്ന പ്രതിരോധ കവചത്തിന്റെ കഥ
ഗാസയിൽനിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകൾ ലക്ഷ്യസ്ഥാനത്തെത്താതെ ഇസ്രയേലിന്റെ ആകാശത്തുതന്നെ കത്തിയമർന്നു. ആയിരക്കണക്കിന് ശത്രു മിസൈലിനെ തകർത്തു. 2014ൽ നടന്ന ഗസ്സ യുദ്ധത്തിൽ ഹമാസിന്റെ കൈയിൽ ആകെയുണ്ടായിരുന്നത് നാലായിരത്തിലധികം റോക്കറ്റുകളാണെന്നാണ് കണക്ക്. ഗസ്സ യുദ്ധത്തിൽ അവർ ഒരുദിവസം പ്രയോഗിച്ച റോക്കറ്റുകളുടെ പരമാവധി എണ്ണം 200 ആയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോൾ മിനിറ്റിൽ നൂറിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്ക് വർഷിക്കപ്പെടുന്നത്. അവരുടെ കൈയിൽ 1.5 ലക്ഷത്തിൽ അധികം റോക്കറ്റുകളുണ്ട്. എന്നിട്ടും ഇസ്രയേൽ കുലുങ്ങാതെ യുദ്ധത്തിലാണ്. ഇതിന് കാരണം കൈയിലുള്ള പ്രതിരോധ സംവിധാനത്തിലുള്ള വിശ്വാസമാണ്.
2006-ൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന യുദ്ധത്തെ തുടർന്നാണ് ഇസ്രയേൽ വ്യോമപ്രതിരോധ മാർഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ യുദ്ധത്തിൽ ലബനൻ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രയേലിൽ മാരകാക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വർഷംതന്നെ തങ്ങളുടെ നഗരങ്ങൾക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ആ സ്വപ്‌നം യാഥാർത്ഥ്യമായി. അതിന് അവർ അയൺ ഡോം എന്ന് പേരിട്ടു. ഇതു വെല്ലുവളിയായത് ഹമാസിനായിരുന്നു.
ഇന്ന് ഇസ്രയേലിന്റെ അതിവിശ്വസ്തമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഇസ്രയേൽ കമ്പനികളായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രയേൽ എറോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്നാണ് വികസിപ്പിച്ചെടുത്തത്. യുഎസിൽനിന്ന് ഇതിന് സാങ്കേതിക, ധനസഹായം ലഭിച്ചിട്ടുമുണ്ട്. ശത്രുമിസൈലുകൾ എത്തുമ്പോൾ ലക്ഷ്യസ്ഥാനത്തു പതിക്കും മുൻപ് ആകാശത്തുവച്ചുതന്നെ അവയെ ഇല്ലാതാക്കുകയും ജനത്തിനു മുന്നറിയിപ്പു സൈറൺ മുഴക്കുകയും ചെയ്യും ഇത്. ഹ്രസ്വ ദൂര റോക്കറ്റുകൾ, മോർട്ടാർ ആർട്ടിലറി ഷെല്ലുകൾ, വിമാനങ്ങൾ, ഹെലിക്കോപ്റ്ററുകൾ, ഡ്രോണുകൾ പോലുള്ളവ തടയുകയാണ് ഈ പ്രതിരോധ സംവിധാനത്തിന്റെ ദൗത്യം.
2014-നുശേഷം ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ആയിരത്തോളം റോക്കറ്റുകൾ ഫലസ്തീനിൽനിന്ന് തൊടുക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ റോക്കറ്റിൽ ഏറെയും അയൺ ഡോം തകർത്തു. ഹമാസിനെ ചെറുക്കുന്ന ഇസ്രയേലിന്റെ പ്രധാന പ്രതിരോധ ആയുധമാണ് അത്. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈൽ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകർക്കുകയാണ് അയൺ ഡോം ചെയ്യുന്നത്. റോക്കറ്റുകൾ, മോർട്ടാറുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകർക്കാൻ അയൺ ഡോമിന് കഴിയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും. മഴയോ വെയിലോ പൊടിക്കാറ്റോ പ്രശ്‌നമല്ല. 70 കിലോമീറ്റർ വരെയുള്ള ഭീഷണികളെ പ്രതിരോധിക്കും. 2011 മാർച്ചിലാണ് അയൺ ഡോം ഇസ്രയേൽ വ്യോമസേനയിൽ വിന്യസിച്ചത്. 2011 ഏപ്രിൽ ഏഴിന് ഗസ്സയിൽനിന്നു വിക്ഷേപിച്ച ബിഎം21 ഗ്രാഡ് റോക്കറ്റായിരുന്നു ആദ്യം വീഴ്‌ത്തിയത്.
മൂന്ന് യൂണിറ്റുകളാണ് ഒരു അയൺ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാർ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം (ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺ കൺട്രോൾ സിസ്റ്റം- ബിഎംസി), മിസൈലുകൾ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകൾ എന്നിവയടങ്ങുന്നതാണ് അയൺ ഡോമിന്റെ ഒരു 'ബാറ്ററി'. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകൾ തയ്യാറായിരിക്കും. നാലു മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് ഇതിൽ ഉപയോഗിക്കുന്ന 'താമിർ' മിസൈലുകൾ.
മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. മറ്റു റോക്കറ്റ് ലോഞ്ചർ ബാറ്ററികളുമായി അയൺ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയർലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയൺ ഡോമിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇത് കഴിയും. ഒരു റോക്കറ്റിനെ തകർക്കുന്നതിനുള്ള ഓരോ മിസൈൽ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.
റഡാർ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിർണയിക്കുകയും ചെയ്താൽ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈൽ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപുതന്നെ ആകാശത്തുവെച്ച് അത് തകർക്കപ്പെടും. ചിലപ്പോൾ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളിൽ വെച്ചുതന്നെ ആയിരിക്കും.
ഇത്തവണ ഹമാസ് പ്രയോഗിച്ച 480 റോക്കറ്റുകളിൽ ഇരുന്നൂറിലധികം എണ്ണത്തെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ തങ്ങളുടെ അയൺ ഡോമിന് സാധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഗസ്സയിൽനിന്ന് ഇസ്രയേൽ അതിർത്തിക്കുള്ളിലേക്ക് പ്രയോഗിച്ച 150 റോക്കറ്റുകളെ ഗസ്സയുടെ പരിധിയിൽ വെച്ചുതന്നെ തകർക്കാൻ സാധിച്ചതായും ഇസ്രയേൽ അധികൃതർ പറയുന്നു. ഇസ്രയേൽ 90 ശതമാനംവരെ കൃത്യതയാണ് അയൺ ഡോമിന് അവകാശപ്പെടുന്നതെങ്കിലും ഈ സംവിധാനത്തിന്റെ പല ദൗർബല്യങ്ങളും ഇപ്പോൾ വെളിപ്പെടുകയാണ്. ഹമാസ് വർഷിക്കുന്ന നൂറുകണക്കിന് റോക്കറ്റുകളെ ഭാഗികമായി പ്രതിരോധിക്കാൻ മാത്രമേ അയൺ ഡോമിന് സാധിക്കുന്നുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഹമാസിന്റെ കൈവശം 1.5 ലക്ഷത്തിലധികം റോക്കറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പലതും അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ട് തന്നെ അയൺ ഡോമിന് മുമ്പിലുള്ളത് കടുത്ത വെല്ലുവളികളാണെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ