ഇടുക്കി: ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. എയർ ഇന്ത്യയുടെ വിമാനത്തിൽ വൈകിട്ട് അഞ്ചോടെഡൽഹിയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

രാത്രി പത്ത് മണിയോടെയാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിലെത്തിച്ചത്. കനത്ത മഴയെ അവഗണിച്ച് ഒട്ടേറെപ്പേരാണു സൗമ്യയുടെ മൃതദേഹവും കാത്തുനിന്നത്. വർഷങ്ങൾക്ക് ശേഷം ജീവനറ്റ ശരീരവുമായി വന്ന സൗമ്യയുടെ മൃതദേഹത്തിന് മുന്നിൽ ഭർത്താവും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. അമ്മയെ ഇനി ഒരിക്കലും കാണില്ലെന്ന തിരിച്ചറിവിൽ കുഞ്ഞ് മകൻ അഡോണിനും സങ്കടം അടക്കാനായില്ല.

ബന്ധുക്കൾക്കൊപ്പം ഡീൻ കുര്യാക്കോസ് എംപി, പി.ടി. തോമസ് എംഎൽഎ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ടെൽ അവീവിൽനിന്നു പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച മൃതദേഹം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഏറ്റുവാങ്ങിയത്.
സൗമ്യയുടെ മൃതദേഹത്തിൽ ഇസ്രയേൽ എംബസി പ്രതിനിധി റോണി യദീദിയ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് കേരളത്തിലെത്തിച്ചത്.

ഇസ്രയേലിലെ അഷ്‌കലോണിൽ 10 വർഷമായി ഹോം നഴ്‌സായ സൗമ്യ 2019 ലാണ് ഒടുവിൽ നാട്ടിൽ വന്നത്. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്. ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.

2019 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.