വാഷിങ്ടൺ ഡിസി: ബൈഡൻ ഭരണത്തിൽ കാബിനറ്റ് റാങ്കിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡന്റെ നിയമനം യുഎസ് സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കിൽ നിന്നും പുറത്തായ നീരയെ വൈറ്റ്ഹൗസ് സീനിയർ അഡൈ്വസറായി നിയമിച്ചതായി മെയ്‌ 14 ന് വൈറ്റ്ഹൗസിൽ നിന്നും പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസ് അധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാൽ നോമിനേഷൻ പിൻവലിക്കുകയായിരുന്നു.

അഫോഡബിൾ കെയർ അക്ട് പോളിസി ചെയ്ഞ്ചിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്ന ചുമതലയായിരുന്നു നീരക്ക്. ഈ ആക്ടിന് രൂപം നൽകിയ ബറാക്ക് ഒബാമയുടെ ടീമിൽ നീര മുന്പ് പ്രവർത്തിച്ചിട്ടുണ്ട്.. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു 51 കാരിയായ നീര.

യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയയിൽ നിന്നും ബിരുദവും യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമബിരുദവും സ്വന്തമാക്കിയ നീര മസാച്യുസെറ്റ്‌സിലാണ് ജനിച്ചത്. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച മകളാണ് നീര.