തിരുവനന്തപുരം: ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ശുചീകരണം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

കോവിഡിന്റെ വലിയ പോരാട്ടം നടത്തുന്നതിനിടയിൽ പകർച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവായി ആൾക്കാർ കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കിൽ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകർച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ച വ്യാധികളും പകർച്ചേതര വ്യാധികളും തടയാൻ വളരെ ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അതോടൊപ്പം നിരവധി പകർച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതൽ ആരോഗ്യ ജാഗ്രത കാമ്പയിൻ ആരംഭിച്ചുകൊണ്ട് പകർച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമാണ് നമ്മളിപ്പോൾ ഉയർത്തുന്നത്. എല്ലാ വർഷവും അതതു വർഷത്തെ ആരോഗ്യ ജാഗ്രത കാമ്പയിൻ ചാർട്ട് ചെയ്ത് കൃത്യമായി സമയബന്ധിതമായി ഓരോ ദിവസവും ചെയ്യേണ്ട നിശ്ചയിച്ച് മുന്നോട്ട് പോയിട്ടുണ്ട്. അതിന് നല്ല ഫലവും ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങൾ കുറച്ചുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മെയ്‌ 16 ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിക്കുകയാണ്. ഒരു ദിവസം മാത്രം ്രൈഡ ഡേ ആചരിക്കുന്നതിന് പകരം ഇടയ്ക്കിടെ ്രൈഡ ഡേ ആചരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. നാം സാധാരണ ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും തുടരണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളും അതു ചെയ്യണം. ഓരോ വാർഡിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പരിശോധന ഉണ്ടാകണം. വാർഡിലെ ജെപിഎച്ച് എൻ. മാരും ജെഎച്ച്ഐമാരും ആശപ്രവർത്തകരും ഇതിന് നേതൃത്വം നൽകും. വോളണ്ടിയർമാരും ഉണ്ടാകണം.

പ്ലാന്റേഷൻ മേഖലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉടമകളുടെയും തൊഴിലാളികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണം. വെള്ളപ്പൊക്കമുള്ളപ്പോഴും മഴക്കാലത്തും എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുമെന്നതിനാൽ വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവർക്ക് പ്രത്യേകിച്ച് ശുചീകരണം, രക്ഷാപ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്നവർക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ നൽകുവാൻ ആരോഗ്യ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്നും തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പാക്കണം. അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും ശുചിത്വം ഉറപ്പാക്കുവാനും പകർച്ചവ്യാധി നിരീക്ഷണം ഊർജ്ജിതമാക്കുവാനും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേഷ്, വിവിധ ജില്ലകളിലെ ഡി.എം.ഒ., ഡി.പി.എം., ഡി.എസ്.ഒ., വിവിധ ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.