- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകാരികളെ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തും കെട്ടിപ്പിടിച്ചും ഡ്യുട്ടിയിൽ ഉള്ള വനിത പൊലീസുകാരി; ലണ്ടനിൽ ഇസ്രയേലി എംബസിക്ക് മുൻപിൽ നടന്ന ഫലസ്തീൻ ജാഥയുടെ പേരിൽ ഏഷ്യൻ വംശജയായ പൊലീസുകാരിക്ക് പണി തെറിച്ചേക്കും
ഡ്യുട്ടിയിൽ ആയിരിക്കുമ്പോൾ പ്രക്ഷോഭകാരികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥക്കെതിരെ സ്‌കോട്ട്ലാൻഡ് യാർഡ് ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഫലസ്തീൻ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചതിനാണ് ഇസ്ലാമത വിശ്വാസിയായ ഈ ഉദ്യോഗസ്ഥ ഇപ്പോൾ അന്വേഷണം നേരിടുന്നത്. പേരുവെളിപ്പെടുത്താത്ത ഈ ഉദ്യോഗസ്ഥ മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിൽ എറിഞ്ഞുകോണ്ട് പ്രകടനക്കാരോടൊപ്പം ചേർന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ഇന്നലെ പുറത്തായ ഒരു വീഡിയോ ദൃശ്യത്തിൽ ഇവർ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് ഒരു വെളുത്ത റോസാപ്പൂ കൈമാറുന്നതും പിന്നീട് അയാളുടേ കൈയിൽ പിടിക്കുന്നതും കാണാം. അതുകഴിഞ്ഞു വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടണിൽ തെരുവിലുണ്ടായിരുന്ന പ്രക്ഷോഭകാരികളിൽ ഒരു സ്ത്രീയെ ഇവർ ആലിംഗനം ചെയ്യുന്നുമുണ്ട്. താൻ രാത്രിയും പകലും അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട് എന്നുപറഞ്ഞാണ് ഇവർ ഈ സ്ത്രീയെ ആലിംഗനം ചെയ്യുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ ഒരു കാരണവശാലും പക്ഷം ചേരരുതെന്നും കർത്തവ്യ നിർവ്വഹണത്തിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കണമെന്നുമാണ് മെറ്റ് പൊലീസിന്റെ സർവ്വീസ് ചട്ടങ്ങളിൽ പറയുന്നത്. എന്നാൽ, അതെല്ലാം ലംഘിച്ചുകൊണ്ടാണ് അവർ മുഷ്ടി ചുരുട്ടെ ഫലസ്തീനിനെ സ്വതന്ത്രമാക്കണമെന്ന മുദ്രാവാക്യം വിളിച്ചത്. ഈ പ്രക്ഷോഭണം പിന്നീട് അക്രമാസക്തമായതോടെ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. പ്രത്യേകിച്ച് ബ്രിട്ടീഷ് യഹൂദർ ഇതിനെതിരെ കടുത്ത നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിൽ പരാതികൾ നിറഞ്ഞതോടെയാണ് സ്‌കോട്ട്ലാൻഡ് യാർഡ് ഇതിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ, ഇവരെ താത്ക്കാലികമായി കർത്തവ്യ നിർവ്വഹണത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണോ എന്ന ചോദ്യത്തിന് അധികൃതർ കൃത്യമായ ഉത്തരം നൽകിയില്ല.
നേരത്തേ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാലത്ത് പൊലീസ് ഉദ്യോഗസ്ഥർ മുട്ടികുത്തി നിന്ന് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. എന്നാൽ, അത് അവരവരുടെ ഇഷ്ടപ്രകാരം ചെയ്തതാണെന്നും അതിനുള്ള അവകാശം അവർക്കുണ്ടെന്നും പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ അവരുടെ രക്ഷക്കെത്തുകയായിരുന്നു. എന്നാൽ, അന്നും പൊലീസ് സേനയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ