- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിലെ താപനില വീണ്ടും ഉയരുന്നു; യാസ് ന്യൂനമർദ്ദം ഉഗ്രരൂപിയായ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും; ഒരാഴ്ചയ്ക്കകം കേരളത്തിൽ വീണ്ടും ദുരിത കാറ്റും മഴയും: മുന്നറിയിപ്പുമായി കേന്ദ്രം
തിരുവനന്തപുരം: ടൗട്ടേ വിതച്ച ദുരിതക്കെണിയിൽ നിന്നും കരകയറും മുന്നേ കേരളം യാസ് കൊടുങ്കാറ്റിന്റെ ഭീഷണിയിൽ. ബംഗാൾ ഉൾക്കടലിലെ താപനില വീണ്ടും ഉയർന്നു തുടങ്ങി. തെക്കൻ ബംഗാൾ ഉൾക്കടലിനോടു ചേർന്നുള്ള ആൻഡമാൻ കടലിൽ 22ാം തീയതിയോടെ രൂപം കൊള്ളുന്ന ന്യൂനമർദം 25ാം തീയതിയോടെ ഉഗ്രരൂപിയായി മാറുകയും 25-ാം തീയതിയോടെ യാസ് എന്ന പേരിൽ കേരളത്തിൽ പരക്കെ നാശം വിതയ്ക്കുകയും ചെയ്യും. തെക്കൻ കേരളത്തിലാവും യാസ് കൂടുതൽ നശം വിതയ്ക്കുക. ഒരാഴ്ചയ്ക്കകം കേരളത്തിൽ വീണ്ടും ദുരിത കാറ്റും മഴയും പെയ്തിറങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
ടൗട്ടേ വിതച്ച ദുരിതക്കെണിയിൽ നിന്നും ജനം കരകയറും മുന്നേയാണ് പുതിയ കൊടുങ്കാറ്റും മഴയും കേരളത്തെ പിടിച്ചു കുലുക്കാൻ ഒരുങ്ങുന്നത്. ന്യൂനമർദസാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇന്നലെയണ് പുറത്തുവിട്ടത്. ഇതോടെ ജനം വീണ്ടും ദുരിതത്തിലാകും. ചുഴലിക്കും മഴയ്ക്കും പിന്നാലെ കാലവർവും എത്തുന്നതോടെ സാധാരണക്കാരാവും കൂടുതൽ വലയുക. ചുഴലിയുടെ സഞ്ചാരപഥം ഇപ്പോഴും വ്യക്തമല്ല. ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങൾ വഴി കരയിലെത്താനുള്ള സാധ്യതയാണു കൂടുതൽ.
ബംഗാൾ ഉൾക്കടലിലെ താപനില ഒന്നു മുതൽ രണ്ട് ഡിഗ്രി വരെ വർധിച്ചതാണ് ചുഴലിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തിൽ സാധാരണ കേരളം ഉൾപ്പെടാറില്ല. പക്ഷേ, ചുഴലിക്കാറ്റുകളുടെ സ്വാധീനഫലമായി കേരളത്തിൽ മഴയും കാറ്റുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തവണയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിന്റെ ചുവടു പിടിച്ച് കാലവർഷവും നേരത്തെ എത്തിയേക്കാം.
അടുത്ത കാലത്തായി കേരളത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ചുഴലിക്കാറ്റുകളാണ് കേരളത്തിൽ നാശം വിതച്ച് കടന്നു പോയത്. വേനൽക്കാലത്തും (മാർച്ച് -മെയ് ), തുലാവർഷക്കാലത്തും (ഒക്ടോബർ -ഡിസംബർ ) ആണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകൾ കൂടുതലും രൂപമെടുക്കാറുള്ളത്. കഴിഞ്ഞ 130 വർഷത്തിനിടെ ഇതുവരെ 91 ചുഴലിക്കാറ്റുകൾ ഉണ്ടായത് മെയ് മാസത്തിലാണ്. ഇതിൽ 63 എണ്ണം ബംഗാൾ ഉൾക്കടലിലും 28 എണ്ണം അറബിക്കടലിലുമാണ്.
കഴിഞ്ഞ വർഷം മെയ് 16 മുതൽ 21 വരെയാണ് അംഫാൻ സൂപ്പർ ചുഴലി വീശിയത്. മണിക്കൂറിൽ 222 കിലോമീറ്ററിനു മുകളിൽ വരെ അംഫൻ വേഗമാർജിച്ചു. അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെയാണ് ഇത്തവണ യാസിന്റെ വരവ്. പേർഷ്യൻ ഭാഷയിൽ യാസ് എന്ന വാക്കിനർഥം മുല്ലപ്പൂവെന്നാണ്. ഒമാൻ നൽകിയ പേരാണ് യാസ്. ബംഗാൾ ഉൾക്കടലിലെ സമീപകാലത്തെ ചരിത്രം പരിശോധിച്ചാൽ യാസ് മുല്ലപ്പൂ പോലെ സൗരഭ്യം പടർത്താനല്ല, മറിച്ച് കരയിലെത്തി നാശം വിതയ്ക്കാനുള്ള സാധ്യതയാണു കൂടുതലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.
കഴിഞ്ഞ 30 വർഷത്തെ (19902020) മെയ് മാസങ്ങളിലെ കണക്കു പ്രകാരം അറബിക്കടലിലും ബംഗാൾ ഉൽക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ഇതിൽ 14 എണ്ണം ബംഗാൾ ഉൽക്കടലിലും 8 എണ്ണം അറബിക്കടലിലുമായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തെ ബാധിക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുകയാണ്. പ്രതിവർഷം ശരാശരി 4 ചുഴലിക്കാറ്റുകൾ എന്ന കണക്കിൽ നിന്ന് 7 വരെയായാണ് വർധന. കഴിഞ്ഞ 3 വർഷങ്ങൾക്കിടെ 20 ചുഴലിക്കാറ്റുകളുണ്ടായി. ഇതിൽ 10 എണ്ണം അറബിക്കടലിലും 10 എണ്ണം ബംഗാൾ ഉൾക്കടലിലുമായിരുന്നു. ചുഴലിക്കാറ്റുകളുടെ എണ്ണത്തോടൊപ്പം തീവ്രതയും സമീപകാലത്തായി വർധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ