സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പങ്കുവെച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ ആളാണ് ആരോഗ്യ വിദഗ്ധനും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ. എസ്.എസ്.ലാൽ. സത്യപ്രതിജ്ഞയ്ക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പന്തൽ പൊളിക്കരുത്, അവിടെ താൽക്കാലിക വാക്‌സിനേഷൻ കേന്ദ്രമാക്കണമെന്ന മികച്ച നിർദ്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ തൊട്ടു പിന്നാലെ പരിസാഹമാണ് അദ്ദേഹം നേരിട്ടത്.

നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തലാണ്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും എന്ന് മനസ്സിലാക്കിയായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്നാൽ തൊട്ടു പിന്നാലെ സിപിഎമ്മിന്റെ പ്രമുഖർ അടക്കം തൊട്ടുപിന്നാലെ പരിഹാസവുമായി എത്തി. 'പൊളിക്കാതിരിക്കാൻ ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റോ?' ഇങ്ങനെ ആയിരുന്നു പരിഹാസം. പരിഹാസ കമന്റിന്റെ ചൂട് മാറും മുൻപ് സർക്കാർ പന്തൽ വാക്‌സിനേഷൻ കേന്ദ്രമാക്കാൻ തീരുമാനിച്ചു. ഈ പരിഹാസങ്ങളോട് എസ്.എസ്.ലാലിന്റെ പ്രതികരണം ഇങ്ങനെ.

'എന്തു പറയാനാണ് അവരോടൊക്കെ.  ഞാൻ സിപിഎമ്മിനെ അനുകൂലിക്കുന്ന ഡോക്ടർ ആയിരുന്നെങ്കിൽ ഈ പറഞ്ഞവർ കയ്യടിയോടെ ആ നിർദ്ദേശം സ്വീകരിച്ചേനേ.. പങ്കുവച്ചേനെ.. വാഴ്‌ത്തു പാട്ടുകൾ പാടിയേനെ. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ കൊങ്ങി ഡോക്ടർ ആയിപ്പോയി. കമ്മി ഡോക്ടർ ആയിരുന്നെങ്കിൽ പരിഹസിക്കില്ലായിരുന്നു. സാധാരണ പ്രവർത്തകർ പറയുന്നത് മനസിലാക്കാം. പ്രമുഖരായ പലരും പരിഹാസവുമായി എത്തി എന്നതാണ്.

അവരെങ്കിലും ആ നിർദ്ദേശം പറയുന്ന എന്റെ രാഷ്ട്രീയം മറന്ന് അതിലെ കാര്യം മനസിലാക്കേണ്ടിയിരുന്നു. ഞാൻ മുന്നോട്ടുവച്ചത് ഒരു അഭിപ്രായമാണ്. എനിക്ക് ശരി എന്നുതോന്നിയ കാര്യം. അത്ര വലിയ പന്തൽ എന്തായാലും ഇട്ടു. തിരുവനന്തപുരത്ത് കോവിഡ് ഇത്ര രൂക്ഷമായി വരുമ്പോൾ ജനങ്ങൾക്ക് ഒരുമിച്ചെത്തുമ്പോൾ സാമൂഹിക അകലം പാലിച്ച് നിൽക്കാനും ഇരിക്കാനുമെല്ലാം അവിടെ കഴിയും. 5000 പേർക്കുള്ള സൗകര്യവുമുണ്ട്.

അമേരിക്കയിലൊക്കെ കഴിഞ്ഞ വർഷം തന്നെ അവർ വലിയ സ്റ്റേഡിയങ്ങൾ ആശുപത്രികളാക്കി മാറ്റിയിരുന്നു. വാക്‌സിനേഷൻ കേന്ദ്രങ്ങളുമാക്കി മാറ്റി. അതൊക്കെ മുന്നിൽ കണ്ടാണ് ഞാനത് പറഞ്ഞത്. അത്ര വലിയ വാടക ഇതിനായി ആകും എന്ന് കരുതുന്നില്ല. പഞ്ചാബി ഹൗസിലെ പന്തൽ പോലെ അല്ല അതെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും മനസിലായി.

അവർ ആ നിർദ്ദേശം സ്വീകരിച്ചു. ഇപ്പോൾ അതിനായുള്ള പ്രവർത്തനങ്ങളും തുടങ്ങി. ഒരുകാര്യമേ പറയാൻ ഉള്ളൂ. പറയുന്നവരുടെ രാഷ്ട്രീയമോ മതമോ ഒന്നും നോക്കേണ്ട. നല്ല നിർദ്ദേശങ്ങൾ ആരു പറഞ്ഞാലും സ്വീകരിക്കണം. ഒരുമിച്ചുനിന്ന് പോരാടേണ്ട സമയമാണ്. പരിഹാസങ്ങളും അവഹേളനങ്ങളും പിന്നെയാകാം. അദ്ദേഹം പറയുന്നു.

ആരോഗ്യമന്ത്രിയോട് ചില നിർദ്ദേശങ്ങൾ:
മന്ത്രിയെ ഉടൻ തന്നെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുഭവ പരിചയത്തിൽനിന്നും കുറച്ച് നിർദ്ദേശങ്ങൾ മന്ത്രിക്ക് മുന്നിൽ പറയാനുണ്ട്. അത് കേൾക്കുമെന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ ചിലത് ഇങ്ങനെ.

  • കോവിഡിന്റെ വിദഗ്ധ സമിതി ഉടച്ചു വാർക്കണം. അതിൽ പൊതുജനാരോഗ്യ വിദഗ്ധരെയും ഐഎംഎ പോലുള്ള പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തണം. സിപിഎം പശ്ചാത്തലമുള്ള വിദഗ്ധരെ സമിതികളിൽ ഉൾപ്പെടുത്തുന്നത് മനസിലാക്കാം. എന്നാൽ സാങ്കേതിക സമിതിയിലെ അംഗത്വത്തിന്റെ അർഹത സിപിഎം പശ്ചാത്തലം മാത്രം ആയിപ്പോകരുത്.
  •  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ചികിത്സയ്‌ക്കൊപ്പം ഗവേഷണവും നടത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഗവേഷണം കൂടി കൃത്യമായി നടപ്പാകാനുള്ള അന്തരീക്ഷം ഉണ്ടാകണം.
  • കേരളത്തിലെ 70 ശതമാനത്തോളം രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെ ആണെന്ന് കണക്കാക്കപ്പെടുന്നു. 80 ശതമാനത്തോളം ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ സ്വകാര്യ മേഖലയെ പങ്കെടുപ്പിക്കുകയല്ല, തുല്യ പങ്കാളിയാക്കുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിൽ ചികിത്സ തേടുന്ന പാവപ്പെട്ടവരെ സർക്കാർ തന്നെ സാമ്പത്തികമായി സംരക്ഷിക്കണം. അതിനുള്ള സംവിധാനങ്ങൾ നാട്ടിലുണ്ട്. കൂടുതൽ കൃത്യമായി നടപ്പാക്കിയാൽ മതി.
  • കേരളത്തിൽ മികച്ച പൊതുജനാരോഗ്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഉണ്ട്. അവയെക്കൂടി സർക്കാർ വിശ്വാസത്തിലെടുക്കുകയും ഉപയോഗിക്കുകയും ചെയ്യണം. ഗവേഷണങ്ങൾ നടത്താൻ അവരെ അനുവദിക്കണം. സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഇത്തരം ഗവേഷണ സ്ഥാപനങ്ങളുമായി പങ്കിടണം. ഐഎംഎ, കെജിഎംഒഎ തുടങ്ങിയ ഡോക്ടർമാരുടെ സംഘടനകളെയും നഴ്‌സുമാരുടെ സംഘടനകളെയും ചർച്ചകളിലും തീരുമാനങ്ങളിലും പങ്കെടുപ്പിക്കണം.
  • കോവിഡ് കാര്യത്തിൽ പ്രത്യേകിച്ച് ഒരു കമ്യൂണിക്കേഷൻ സ്ട്രാറ്റജി വേണം. അതിനായി ഒരു വിദഗ്ധ സമിതി വേണം. ഇല്ലെങ്കിൽ സ്മാർട്ട് ഫോൺ കയ്യിൽ ഉള്ളവരെല്ലാം വിഡിയോ ഇറക്കും. ഇതിൽ പലതും ആരോഗ്യ വകുപ്പിന്റെ നയങ്ങൾക്ക് എതിരും ജനവിരുദ്ധവും അശാസ്ത്രീയവും ഒക്കെ ആയിരിക്കും.