കൊച്ചി: ഇതിനോടകം സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി ഏറ്റെടുത്തത് ഉചിതമായ തീരുമാനമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

എല്ലാ മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളിൽ തുല്യനീതി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ കടുത്ത വിവേചനമാണ് ക്രൈസ്തവർ ഇക്കാലമത്രയും അനുഭവിച്ചത്. 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷൻ ആക്ടിന്റെ നീതീകരണമില്ലാത്ത ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ക്രൈസ്തവ സമൂഹം നിരന്തരം സർക്കാരിന്റെ മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവരുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും കാർഷിക മേഖലയിലേതുൾപ്പെടെ വിവിധ പ്രശ്നങ്ങളും പഠിച്ച് ക്ഷേമ പദ്ധതികൾക്കായുള്ള നിർദേശങ്ങൾ സമർപ്പിക്കുവാൻ മുൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ഇപ്പോൾ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. പിന്നോക്കാവസ്ഥ മാത്രമായിരിക്കരുത് ക്ഷേമ പദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളെയാണ് ക്ഷേമ പദ്ധതികൾ നടപ്പിലാക്കി സർക്കാരുകൾ സംരക്ഷിക്കേണ്ടതെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.