ന്ത്യയിൽ നിന്നും തിരിച്ചെത്തി ക്വാറന്റൈന് വിധേയമാകാൻ വിസമ്മതിച്ച് കറങ്ങിനടന്ന കുടുംബങ്ങളാണ് ബോൾട്ടണിലെ ഇന്ത്യൻ വകഭേദത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നു. മാസങ്ങൾ നീണ്ട ലോക്ക്ഡൗണിനും യാത്രാ നിയന്ത്രണങ്ങൾക്കും ശേഷം കഴിഞ്ഞ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ബ്രിട്ടനിൽ നിന്നും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ ഒരു ഒഴുക്കുതന്നെ ഉണ്ടായി. അവരിൽ പലരും അത്യാവശ്യ യാത്രകൾ എന്ന വിഭാഗത്തിൽ യാത്ര ഉൾപ്പെടുത്തിയാണ് നാട്ടിലേക്ക് പോയിട്ടുള്ളതും. ലങ്കാഷയർ പട്ടണത്തിൽ നിന്നു മാത്രം ഇത്തരത്തിൽ 1,500 പേരോളം പോയതായാണ് അറിയുന്നത്.

എന്നാൽ, ആഴ്‌ച്ചകൾക്ക് ശേഷം ഇന്ത്യയിൽ കൊറോണ കേസുകൾ അമിതമായി വർദ്ധിച്ചപ്പോൾ രാജ്യത്തെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനു മുൻപായി തിരികെ എത്താനുള്ള തത്രപ്പാടിലായി ഇവിടെനിന്നും പോയവരെല്ലാം. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമായി വരും. മാത്രമല്ല, ഇതിനായുള്ള 1,750 പൗണ്ട് സ്വന്തം പോക്കറ്റിൽ നിന്നുതന്നെ ചെലവാക്കേണ്ടതായും വരു.

ഈ തിരക്കുപിടിച്ച മടക്കയാത്രയാണ് ബ്രിട്ടനിലേക്ക് ഇന്ത്യൻ വകഭേദത്തെ എത്തിച്ചതെന്നാണ് തദ്ദേശവാസികൾ വിശ്വസിക്കുന്നത്. ഇത്തരത്തിൽ എത്തിയവർ ഹോട്ടൽ ക്വാറന്റൈന് വിധേയരായില്ല എന്നുമാത്രമല്ല, വീടുകളിൽ സെൽഫ് ഐസൊലേഷനു പോലും വിധേയരാകാതെ കറങ്ങി നടന്നു. ഇവരാണ് രോഗവ്യാപനത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് ഇവിടെയുള്ള ഇന്ത്യാക്കാർ ഉൾപ്പടെ പലരും വിശ്വസിക്കുന്നു.

ബോൾട്ടണിലെ ഇത്തരത്തിൽ സ്വാർത്ഥരായ ഒരു ചെറിയ ന്യുനപക്ഷമാണ് ഇപ്പോഴുള്ള ദുര്യോഗം വരുത്തിവച്ചതെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ ശാലകൾ നിയലനിന്നിരുന്ന ബോൾട്ടൻ ഇന്ന് കോവിഡ് പ്രതിസന്ധിയിൽ ശ്വാസം മുട്ടുകയാണ്. മെയ്‌ 16 ന് അവസാനിച്ച ആഴ്‌ച്ചയിലെ കണക്കുകൾ പ്രകാരം ബോൾട്ടനിൽ കോവിഡ് മരണങ്ങളുടെ എണ്ണം 780 ആണ്. മാത്രമല്ല, ആ ആഴ്‌ച്ചയിൽ മാത്രം 982 പേരെ രോഗം ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

നിലവിൽ 1 ലക്ഷം പേരിൽ 384.6 രോഗികൾ എന്നതാണ് ബോൾട്ടനിലെ രോഗവ്യാപനതോത്. ഇംഗ്ലണ്ടിലെ മൊത്തം സ്ഥിതി കണക്കിലെടുത്താൽ രോഗവ്യാപന തോത്1 ലക്ഷം പേരിൽ 20.6 രോഗികൾ എന്നതാണെന്നോർക്കണം. ബോൾട്ടണിലെ രോഗികളിൽ 90 ശതമാനം പേരിലും ഇന്ത്യൻ വകഭേദമാണെന്നും പബ്ലിക് ഹെൽത്ത് നടത്തിയ ഒരു വിശകലനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടനിലെ ലോക്ക്ഡൗൺ നീക്കംചെയ്യുന്ന പ്രക്രിയയ്ക്ക് വരെ ഭീഷണി ഉയർത്തുന്ന തരത്തിലായിരുന്നു ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം. ബി എൽ 3 പോസ്റ്റ് കോഡുള്ള ഭാഗത്താണ് ഇത് കഠിനമായി പടർന്നത്. 13,000 ത്തോളം കുടുംബങ്ങളിലായി 33,000 ൽ ഏറെ പേർ തിങ്ങിപ്പാർക്കുന്ന, ജനസാന്ദ്രത ഏറിയ ഒരിടമാണിത്. ഇതിൽ 33 ശതമാനത്തിലേറെ വംശീയ ന്യുനപക്ഷങ്ങളിൽ ഉൾപ്പെടുന്നവരുമാണ്. അതിൽ തന്നെ ഇന്ത്യൻ വംശജരും പാക്കിസ്ഥാൻ വംശജരുമാണ് അധികവും.

താരതമ്യേന കുറഞ്ഞ വരുമാനമുള്ളവരാണ് ഇവിടെയുള്ളത്. ദാരിദ്ര്യവും ജനസാന്ദ്രതയുമാണ് ഇവിടെ രോഗം അതിവേഗം പടരാൻ ഇടയാക്കിയത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാത്രമല്ല, ഒരു വീട്ടിൽ തന്നെ ഒന്നിലധികം തലമുറകൾ ഒരുമിച്ചു താമസിക്കുന്നതും പ്രശ്നമാകുന്നുണ്ട്. ഉദ്പാദന പ്രക്രിയയും ചില്ലറവ്യാപാരവുമാണ് ഈ മേഖലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ. അതായത് ഇവിടെയുള്ള തൊഴിൽ അവസരങ്ങളിൽ പലതും വീട്ടിലിരുന്ന് ചെയ്യുവാൻ സാധിക്കാത്തതാണ്.