ന്ത്യയ്ക്കിത് മധുരപ്രതികാരത്തിന്റെ നിമിഷമാണ്. ഓക്സ്ഫോർഡ് യൂണിവെഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ഈ വർഷം ആദ്യമായിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട രശ്മി സാമന്തിന് പക്ഷെ ചില വിവാദങ്ങളെ തുടർന്ന് സ്ഥാനംഏറ്റെടുക്കുന്നതിനു മുൻപ് തന്നെ രാജിവയ്ക്കേണ്ടതായും വന്നു. പഴയ ചില സമൂഹമാധ്യമ പോസ്റ്റുകൾ കുത്തിപ്പൊക്കി വംശീയ വിദ്വേഷം ആരോപിച്ചായിരുന്നു രശ്മിയെ രാജിവപ്പിച്ചത്. തുടർന്നാണ് ആ സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഈ ഉപതെരഞ്ഞെടുപ്പിലും ജയിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂണിയന്റെ തലപ്പത്ത് എത്തുന്നത് ഒരു ഇന്ത്യൻ വംശജയായ ആൻവി ഭുട്ടാനി ആണെന്നത് ഒരുപക്ഷെ കാലത്തിന്റെ കാവ്യനീതിയാകാം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മാഗ്ഡലൻ കോളേജിലെ ഹ്യുമൻ സയൻസ് വിദ്യാർത്ഥിയായ ആൻവി യൂണിവേഴ്സിറ്റിയിലെ കാംപെയിൻ ഫോർ റേഷ്യൽ അവയർനെസ്സ് ആൻഡ് ഈക്വാലിറ്റിയുടെ സഹ ചെയർപേഴ്സൺ കൂടിയാണ്.

ഈ സ്ഥാനത്തേക്ക് പരമാവധി മത്സരിക്കാൻ കഴിയുക പത്ത് സ്ഥാനാർത്ഥികൾക്കാണ്. ഇത്തവണ പത്തുപേർ മത്സരരംഗത്തുണ്ടായിരുന്നു എന്നതാണ് ഒരു പ്രത്യേകത. എതിരാളികളായ ഒമ്പതുപേരെയും വ്യക്തമായ ഭൂരിപക്ഷത്തിന് പിന്തള്ളിയാണ് ആൻവി വിജയിച്ചത്. 2,506 വിദ്യാർത്ഥികളാണ് ആകെ വോട്ട് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 146 ശതമാനത്തിന്റെ വർദ്ധനയാണ് പോളിങ് ശതമാനത്തിൽ ഉണ്ടായിരിക്കുന്നത്.

യൂണിവേഴ്സിറ്റിയിലെ വിവിധ രംഗങ്ങളിൽ പരിവർത്തനങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഈ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ പ്രധാനമായും വിദ്യാർത്ഥികളുടെ മനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതികളായിരുന്നു ആൻവി മുന്നോട്ട് വച്ചത്. ഇതിന്റെ അംഗീകാരമാണ് തന്റെ വിജയമെന്ന് ആൻവി പറഞ്ഞു. സ്റ്റുഡന്റ്സ് യൂണീയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുപോലും താൻ വിചാരിച്ചിരുന്നില്ല എന്നു പറഞ്ഞ ആൻവി, വിജയത്തിൽ ആഹ്ലാദിക്കുന്നതിനൊപ്പം ചുമതലകളെ കുറിച്ച് ബോധവതിയാണെന്നും പറഞ്ഞു.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പൊരുതുന്ന ഒന്നായിരിക്കണം സ്റ്റുഡന്റ്സ് യൂണിയനെന്നു പറഞ്ഞ അവർ, തനിക്ക് ലഭിച്ച സ്ഥാനം ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ശ്രമിക്കുമെന്നും പറഞ്ഞു. പാഠ്യവിഷയങ്ങൾ, സാമൂഹികക്ഷേമം, മാനസികാരോഗ്യ എന്നിവയ്ക്കൊപ്പം വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് അവർ പറഞ്ഞു.