ന്യൂഡൽഹി: ഇന്നലെ 4,455 പേർ മരിച്ചതോടെ ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് മൂന്ന് ലക്ഷം കടന്നു. നിലവിൽ മരണ കണക്കിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഈ നില തുടർന്നാൽ വരുന്ന ഒരു മാസത്തിനുള്ളിൽ ബ്രസീലിനെ കടത്തി വെട്ടി രണ്ടാംസ്ഥാനത്തെത്തും. ഇന്നലെ 4,455 പേർ മരിച്ചതോടെ ഇന്ത്യയിലെ കോവിഡിന്റെ മരണ കണക്ക് 3,03,751 ആയി ഉയർന്നു. 8,944 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

ഇന്നലെയും 2,22,835പേർക്ക് പുതുതായി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 26,751,681 ആയി. യുഎസിലും ബ്രസീലിലുമാണ് ഇന്ത്യയിലേക്കാൾ കൂടുതൽ ആളുകൾ മരിച്ചത്. യുഎസിൽ കോവിഡ് ബാധിച്ച് ഇതുവരെ 6,04,080 പേർ മരിച്ചു. 33,895,903 പേർ രോഗബാധിതരായി. ബ്രസീലിൽ 449,185 പേർ മരിക്കുകയും 16,083,573 പേർ രോഗബാധിതരാകുകയും ചെയ്തു.

ഒന്നാം തരംഗത്തിൽ മരണവും രോഗബാധയും പിടിച്ചു നിർത്തിയ ഇന്ത്യയിൽ രണ്ടാം തരംഗത്തിലാണ് മരണസംഖ്യ കുതിച്ചുയർന്നത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് വരെ പ്രതിദിന കേസുകൾ നാല് ലക്ഷത്തിലധികമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 222,835 പുതിയ കേസുകളും 4,455 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ലോകത്താകമാനം 34,77,721 പേർ മരിച്ചതായാണ് കണക്ക്.

അതേ സമയം ഇന്ത്യയിലെ കണക്കുകൾ പൂർണമല്ലെന്നും നിരവധി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെയുണ്ടെന്നും വിദഗ്ദ്ധർ പറഞ്ഞു. ഗ്രാമീണ മേഖലയിൽ മതിയായ ചികിത്സയോ പരിശോധനയോ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതും കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതുമാണ് വ്യാപനം രൂക്ഷമാകാൻ കാരണം. കുംഭമേളയും വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചതും രോഗവ്യാപനം വർധിപ്പിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം അമേരിക്കയിലും ബ്രിട്ടനിലും അടക്കം പലരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറഞ്ഞഅ വരികയാണ്.