- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറോളജി ലാബിലെ ഗവേഷകർക്ക് നവംബറിൽ കൂട്ടത്തോടെ അസുഖം ബാധിച്ചു; ഇവർ ആശുപത്രികളിൽ ചികിൽസയും തേടി; അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ദരിച്ച് വുഹാൻ ലാബിനെ പ്രതിക്കൂട്ടിൽ നിർത്തി വീണ്ടും റിപ്പോർട്ട്; കോവിഡ് വൈറസ് സ്വയം ഉണ്ടായതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ ഭരണ കൂടവും; ചൈനയെ പ്രതിക്കൂട്ടിൽ നിർത്തി കോവിഡ് അന്വേഷണം
ന്യുയോർക്ക്: കോവിഡ് വൈറസ് പുറം ലോകത്ത് എത്തിയത് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുകയാണ് അമേരിക്കയിലെ ശാസ്ത്ര ലോകം. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്ക് 2019 നവംബറിൽ അസുഖമുണ്ടായതെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുകയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ.
വുഹൻ ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന മുൻ റിപ്പോർട്ടുകളെ ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തലും. കോവിഡ് രോഗ ബാധയെ കുറിച്ച് ചൈന വെളിപ്പെടുത്തുന്നതിന് മുമ്പാണ് വൈറോളജി ലാബിലെ ഗവേഷകർ അസുഖത്തിന് ആശുപത്രി ചികിൽസ തേടിയത്. വാൾസ്ട്രീറ്റ് ജേർണലാണ് അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ദരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എത്ര ഗവേഷകരാണ് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയതെന്നും കൃത്യമായ ദിവസവും എല്ലാം വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും പത്രം വിശദീകരിക്കുന്നു.
കോവിഡ് 19ന് വൈറസ് വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ അന്വേഷണം എങ്ങനെയാകണമെന്ന ആലോചനകൾ നടക്കുമ്പോഴാണ് പുതി റിപ്പോർട്ടും വരുന്നത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് സത്യം പുറത്തെത്തിക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ സുരക്ഷാ കൗൺസിൽ വക്താവും വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി എല്ലാ രാജ്യങ്ങളും സഹകരിച്ച് വൈറസിന്റെ ഉത്ഭവ കേന്ദ്രത്തെ കണ്ടെത്തണമെന്നാണ് അമേരിക്കൻ നിലപാടെന്നും അവർ വിശദീകരിച്ചു. സാങ്കേതികമായി നിലനിൽക്കുന്ന വിശദീകരണങ്ങളിലേക്ക് അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷ.
എന്നാൽ ആരോപണങ്ങൾ ചൈന നിഷേധിക്കുകയാണ്. വുഹാൻ ലാബിൽ നിന്നല്ല വൈറസ് എത്തിയതന്നും അവർ പറയുന്നു. കോവിഡ് 19 വൈറസിന് സ്വയോൽപ്പത്തിയാണെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചിയും പ്രതികരിച്ചിട്ടുണ്ട്. അന്വേഷണത്തിൽ സുതാര്യമായി ചൈന സഹകരിക്കണമെന്നാണ് ഫൗചിയുടെ ആവശ്യം. കൊറോണയെന്ന ഭീകരന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ച നാൾ മുതൽ അത് മറച്ചു വയ്ക്കാനും ലോകമാകെ നുണകൾ പ്രചരിപ്പിക്കാനും ചൈന കാണിച്ച വ്യഗ്രതയുടെ ഫലമാണ് ഇന്ന് ലോകമാകമാനമുള്ള മനുഷ്യർ അനുഭവിക്കുന്നത് എന്ന വിലയിരുത്തലും സജീവമാണ്.
ഈ അണുക്കളുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിയുകയും അത് അധികാരികളെ അറിയിക്കുകയും ചെയ്ത ഡോക്ടറെ നിശബ്ദരാക്കുക മാത്രമല്ല, അദ്ദേഹത്തെ കൊറോണയുടെ കരാളഹസ്തങ്ങൾക്ക് കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുകയും ചെയ്തു ചൈനീസ് ഭരണകൂടം. ഒരുപക്ഷെ മുളയിലെ നുള്ളിക്കളയാമായിരുന്ന ഒരു വിപത്തിനെ ആകാശം മുട്ടെ വളരാൻ വളമിട്ടുകൊടുക്കുകയായിരുന്നു ഇത്തരം പ്രവർത്തിയിലൂടെ ചൈനാക്കാർ ചെയ്തത് എന്നാണ് അമേരിക്കൻ വിലയിരുത്തൽ. 2019 ഡിസംബറിലാണ് ഡോ. ലീ വെൻലിയാംഗ് ഉൾപ്പടെ എട്ടു ഡോക്ടർമാർ സാർസ് വൈറസിനോട് സാമ്യമുള്ള ഒരു വൈറസിന്റെ സാന്നിദ്ധ്യം ചൈനയിൽ കണ്ടുപിടിച്ചത്. വിരലിലെണ്ണാവുന്നവർക്ക് മാത്രമായിരുന്നു അന്ന് രോഗബാധ ഉണ്ടായത്. ഡോ. ലീയുടെ റിപ്പോർട്ട് ഗൗരവമായി കണ്ട് വേണ്ട നടപടികൾ എടുക്കുന്നതിനു പകരം, അനാവശ്യ ഭീതി സൃഷ്ടിക്കുന്നതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെറ്റുത്തകയാണ് ചൈനീസ് പൊലീസ് ചെയ്തത്. അങ്ങനെ തീർത്തും നിശബ്ദനായ ഡോക്ടർ പിന്നീട് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിനുശേഷം, ഡിസംബർ 26 ന് നടത്തിയ ഒരു പരിശോധനയിൽ സാർസിനോട് സാമ്യമുള്ള വൈറസിന്റെ സാന്നിദ്ധ്യം തെളിഞ്ഞിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ജനുവരി 22 കാത്തിരുന്നതിന് ശേഷം മാത്രമാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഏകദേശം ഒരു മാസത്തോളം നീണ്ട ഈ കാലയളവിൽ ലക്ഷക്കണക്കിന് പേരാണ് വുഹാനിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയതും വിവിധ ഭാഗങ്ങളിൽ നിന്നായി വുഹാനിലെത്തിയതും. രോഗബാധ സ്ഥിരീകരിച്ച്, ലോക്ക്ഡൗണിന് മുൻപായി ഏകദേശം 5 ദശലക്ഷം പേരെ പരിശോധനകളൊന്നുമില്ലാതെ വുഹാന് പുറത്തേക്ക് പോകാൻ അനുവദിച്ചത് തെറ്റായി എന്ന് വുഹാൻ മേയർ സമ്മതിച്ചിട്ടുമുണ്ട്.
അതുപോലെ തന്നെയാണ് ആദ്യമായി രോഗബാധകണ്ടെത്തിയ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ചൈനീസ് സർക്കാർ വിമുഖത കാണിച്ച കാര്യവും. ഔദ്യോഗിക രേഖകൾക്കനുസരിച്ച് ആദ്യ രോഗബാധ ഉണ്ടായത് ഡിസംബർ 8 നാണ് എന്നാൽ പല ഗവേഷകരും ഡിസംബർ 1 മുതൽക്കുള്ള രോഗ ബാധയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതായത്, കൊറോണബാധ കഴിഞ്ഞ നവംബറിൽ എങ്കിലും തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്