ഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് ആളുകൾക്കാണ് വീടും ഉപജീവന മാർഗവും എല്ലാം നഷ്ടമായത്. ആയിരങ്ങൾ റുവാണ്ടയിലേക്ക് പലായനം ചെയ്തപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് വലിയൊരു വിഭാഗം. അതേസമയം ലാവാ പ്രവാഹത്തിൽ കത്തിയമർന്ന വീടുകൾക്ക് മുന്നിൽ നിന്നും സെൽഫി എടുത്തും തീയുടേയും പുകയുടേയും അരികിൽ നിന്നും ഫോട്ടോ എടുത്തും ആസ്വദിക്കുകയാണ് ജനം. ഗോമയിലെ ജനങ്ങളാണ് ഭയാശങ്കകളില്ലാതെ ആളി പടരുന്ന തീയ്ക്ക് മുന്നിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് നിയാർഗോംഗോ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചതും സമീപ പ്രദേശങ്ങളിലേക്കെല്ലാം ലാവ ഒഴുകി എത്തിയതും. ലാവാ പ്രവാഹം ഗോമാ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് വരെ എത്തിയെങ്കിലും ലാവാ പ്രവാഹത്തിന്റെ ശക്തി കുറഞ്ഞതായി നോർത്ത് കിവു പ്രദേശത്തെ മിലിട്ടറി ഗവർണർ വ്യക്തമാക്കി. സിറ്റിയുടെ ഭൂരിഭാഗവും ലാവ എടുത്ത നിലയിലാണ്. വീടുകളെല്ലാം തന്നെ പൂർണമായും കത്തി നശിച്ചു. സിറ്റി ഒഴിപ്പിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു.

സാഹചര്യം മുതലെടുത്ത് കടകളിലും മറ്റും മോഷണം നടത്തിയവർ നിരവധിയാണ്. ഗോമാ ജയിലിൽ നിന്നും തടവു പുള്ളികൾ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. റുവാണ്ടയിലേക്ക് 7,000ത്തോളം പേർ പലായനം ചെയ്തു. ഗോമക്കാരെല്ലാം തന്നെ റുവാണ്ടയിലെ അഭയാർത്ഥി ക്യാമ്പുകളിലും മറ്റും രാത്രി ചെലവിട്ട ശേഷം തിരിച്ചെത്തി. 100ഓളം പേർ മാത്രമാണ് ഇപ്പോഴും റുവാണ്ടയിലുള്ളത്. ബാക്കി എല്ലാവരും തിരിച്ചെത്തി.