ബാലരാമപുരം: കരമന കളിയിക്കാവിള ദേശീയപാത നിർമ്മാണത്തിലെ പിഴവു കാരണം ഇരുപത്തഞ്ചോളം വീട്ടുകാർ രണ്ടാഴ്ചയായി വെള്ളക്കെട്ടിൽ. പ്രാവച്ചമ്പലത്ത് റോഡിന് ഇരുവശവുമായാണ് ഇരുപത്തഞ്ചോളം വീട്ടുകാർ ദുരിതത്തിലായത്. മതിൽ ഇടിഞ്ഞുവീണും കിണറുകളും കക്കൂസുകളും നിറഞ്ഞൊഴുകിയും കടുത്ത ദുരിതത്തിലാണ് ഒരു പ്രദേശം. വാടകയ്‌ക്കെടുത്ത പമ്പു സെറ്റ് ഉപയോഗിച്ച് 24 മണിക്കൂറും കെട്ടിനിൽക്കുന്ന വെള്ളം പമ്പു ചെയ്യുകയാണ് നാട്ടുകാർ.

റോഡ് നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായി പെയ്ത മഴയിലാണ് ദുരിതത്തിന് തുടക്കം. മഴക്കാലം വരാനിരിക്കെ വീട്ടുമുറ്റം മുഴുവനും വെള്ളത്തിനടിയിലായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിന് ഇരുവശവും ഓട നിർമ്മിക്കാത്തതാണ് ജലം വീട്ടിനുള്ളിലേക്കും പറമ്പിലേക്കും കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി ഓടനിർമ്മിക്കണമെന്നും ഇതിനുള്ള സ്ഥലം തങ്ങൾ വിട്ടുനൽകാമെന്നും കഷ്ടത അനുഭവിക്കുന്ന നാട്ടുകാർ പറയുന്നു.

വീടുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ പള്ളിച്ചൽ പഞ്ചായത്തിൽ നിന്ന് ഇവർക്ക് കഴിഞ്ഞ ദിവസം ഭക്ഷണം എത്തിച്ചു നൽകി. പ്രാവച്ചമ്പലംനരുവാമൂട് റോഡിലെ മഴവെള്ളം ഒഴുകിയിറങ്ങി പ്രാവച്ചമ്പലം നമ്പാണ്ടി വിളയിൽ വിവേകാനന്ദൻ, വിക്രമൻ, വിജയൻ, പൊട്ടയിൽകുഴി വീട്ടിൽ വി.സുധാകരൻ നായർ, പ്രകാശൻ, മൂന്നുമുക്കൻ വിള വീട്ടിൽ രമാദേവി, വിഘ്‌നേശ് കുമാർ, വൃന്ദ, ശിവപാദത്തിൽ സാംബശിവൻ, ഉഷസ് വീട്ടിൽ ജഷ്മ, ചീനിവിളവീട്ടിൽ സദാശിവൻ, സരസ്വതി മംഗലത്തിൽ രമേശ്കുമാർ, എ.ആർ.ഭവനിൽ അനിൽ രാജ്, ശ്രീവിലാസത്തിൽ വിനേഷ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായത്. മഴക്കാലം ആയതോടെ പലരും മാറി താമസിക്കാൻ ഒരുങ്ങുകയാണ്. നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.