കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശിയായ അനീഷിന്റെ കുടുംബത്തിൽ അപൂർവ്വമായ ഒരു സവിശേഷതയുണ്ട്, വീട്ടിലെ എല്ലാവരുടേയും പിറന്നാൾ മെയ് 25നാണ്. അനീഷിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും പിറന്നാളാണ് മെയ് 25ന് ആഘോഷിക്കുന്നത്. 10 വർഷം മുൻപാണു കണ്ണൂർ സ്വദേശികളായ അനീഷ് കുമാറും അജിതയും വിവാഹിതരാകുന്നത്. തങ്ങൾക്കിടയിൽ യാദൃച്ഛികമായി സംഭവിച്ച ആ സാമ്യം അന്നേ അവർ ശ്രദ്ധിച്ചിരുന്നു. വിവാഹ ശേഷം ഇരുവരും ഒരേ ദിവസം ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

എന്നാൽ അവിടം കൊണ്ടും തീർന്നില്ല ഈ കുടുംബത്തിലെ അപൂർവ സാമ്യതകൾ. 2012ൽ ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നതും ഇതേ ദിനത്തിൽ. അഞ്ച് വർഷങ്ങൾക്കിപ്പുറം 2019ൽ മകൻ ജനിച്ചു. മറ്റു മൂവരുടെയും ജന്മദിനത്തിലായിരുന്നു അത്. അങ്ങനെ മെയ്‌ 25 കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനമായി. അപൂർവങ്ങളിൽ അപൂർവം എന്നു തന്നെ വിളിക്കാവുന്ന സവിശേഷത. 1981 മെയ്‌ 25നാണ് അനീഷ് ജനിച്ചത്. അജിതയുടെ ജന്മദിനം 1987 മെയ്‌ 25ന്. 2012 മെയ്‌ 25ന് മകൾ ആരാധ്യയും 2019 മെയ്‌ 25 ന് മകൻ ആഗ്‌നേയും ജനിച്ചു.

ഈ സംഭവം അറിയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടാറുണ്ട്. മക്കളുടെ ജനനവും യാദൃച്ഛികമായി ഇതേ ദിവസം തന്നെ സംഭവിച്ചതാണെന്നും അങ്ങനെയാകാൻ ഒന്നും ചെയ്തിട്ടില്ലെന്നും അനീഷ്. ''കഴിഞ്ഞ മെയ്‌ 25ന് ആണ് മകന് ഒരു വയസ്സ് തികഞ്ഞത്. കോവിഡ് ആയതിനാൽ ആഘോഷങ്ങൾ വേണ്ടെന്നു വച്ചു. ഇത്തവണയും അങ്ങനെ തന്നെ. കേക്ക് മുറിച്ച് വീടിനുള്ളിൽ തന്നെ സന്തോഷം പങ്കുവച്ചു. എല്ലാവരും ആശംസകൾ അറിയിക്കുമ്പോളും സന്തോഷം'' അനീഷ് കൂട്ടിച്ചർത്തു. പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്.