പൊന്നാനി: ലക്ഷദ്വീപിൽ ഉടലെടുത്തിരിക്കുന്നത് കേവലം ഒരു നിസാര പ്രശ്നമല്ലെന്നും മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാമാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും മതാചരങ്ങൾക്കും സംസ്‌കാരത്തിനും തടസ്സം നിൽക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും അത്തരത്തിലുള്ള നിയമങ്ങൾ ഒന്നിന് മേൽ മറ്റൊന്നായി അവരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയെന്നത് ഭരണഘടനയുടെ ആത്മാവിന് എതിരാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രറ്റർ പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്ന് മാത്രമല്ല, 1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണ പ്രദേശം എന്ന ആശയവും ക്രമവും നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത് തന്നെ. എന്നാൽ, ഇന്ന് അഡ്‌മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതാകട്ടെ, ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളും. ഇത്തരം ജനദ്രോഹപരമായ നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുകയും ലക്ഷദ്വീപ് നിവാസികളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നൽകുകയും ചെയ്യണമെന്നും കാസിം കോയ പറഞ്ഞു.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റ സ്വരത്തിലാണ് പ്രതിഷേധിക്കുന്നത്. സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളും നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ അടക്കമുള്ളവർ വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ടുകൊണ്ടുള്ള രൂക്ഷ പ്രതികരണമാണ് നടത്തിയതെന്നും കാസിം കോയ ചൂണ്ടിക്കാട്ടി.