കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ നേടിയ മേൽക്കൈ ഇല്ലാതെയാക്കുന്നതരത്തിൽ ആക്രമണം തുടരുകയാണ് ഇന്ത്യൻ വകഭേദം. ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞതനുസരിച്ച് നിലവിൽ ബ്രിട്ടനിലെ കോവിഡ് കേസുകളിൽ പകുതി മുതൽ മുക്കൽ പങ്ക് വരെ ഇന്ത്യൻ വൈറസ് മൂലമുണ്ടാകുന്നതാണ്. കഴിഞ്ഞ കുറേ കാലങ്ങളായി ബ്രിട്ടനെ വലച്ചുകൊണ്ടിരുന്ന കെന്റ് വകഭേദത്തെ വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വകഭേദം പുറന്തള്ളിയിരിക്കുന്നു.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ 6,959 പേരിലാണ് ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച ഇത് 3,535 പേരിലായിരുന്നു. അതായത്, കേവലം ഒരാഴ്‌ച്ചകൊണ്ട് ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇരട്ടിച്ചു എന്നർത്ഥം. നിലവിൽ ഇംഗ്ലണ്ടിൽ മൂന്നൂറിനടുത്ത് ലോക്കൽ അഥോറിറ്റി ഏരിയകളിൽ 252 എണ്ണത്തിലും ഇതിന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ ഈ ഇനം എത്തിക്കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വ്യാപനത്തിലെ വർദ്ധനവ്, ബ്രിട്ടന്റെ പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് വിചാരിച്ചതുപോലെ സുഗമമാകുമോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നുണ്ട്. ജൂൺ 21 കഴിഞ്ഞും ലോക്ക്ഡൗൺ നീളാനുള്ള സാധ്യതകൾ കാണുന്നു. നിയന്ത്രണങ്ങളുടെ അടുത്ത ഘട്ടം തീരുമാന്നിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. അതേസമയം, ജൂൺ 21 എന്നതീയതി മാറ്റേണ്ടിവരും എന്ന് പറയാറായിട്ടില്ല എന്ന് മാറ്റ് ഹാൻകോക്കും പറഞ്ഞു.

ലോക്ക്ഡൗൺ പ്രൊഫസർ എന്നപേരിൽ അറിയപ്പെടുന്ന നീൽ ഫെർഗുസൺ പറയുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുക എന്നതിന്റെ തീരുമാനം ഇപ്പോൾ ഒരു തുലാസിൽ കിടന്ന് ആടുകയാണെന്നാണ്. അതേസമയം ശാസ്ത്രോപദേശക സമിതിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പ്രൊഫസർ ജോൺ എഡ്മണ്ട്സ് ജൂൺ 21 ന് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നത് അപകടകരമായ ഒരു പ്രവർത്തിയാണ് എന്ന് അഭിപ്രായപ്പെടുന്നു.

അതേസമയം, പൊതുവേ ബ്രിട്ടനിൽ കൊറോണ ഗ്രാഫ് മുകളിലേക്ക് പോവുകയാണ്. ഇന്നലെ 3,524 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 23.2 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഏപ്രിൽ 12 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യ കൂടിയാണിത്. അതേസമയം, തായ്ലാൻഡിലെത്തിയ ചില ഈജിപ്ഷ്യൻ സഞ്ചാരികളിൽ കണ്ടെത്തിയ സി.63.3 എന്ന ഒരു പുതിയ വകഭേദം കൂടി ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 109 പേരിലാണ് ഇതുവരെ ഈ ഇനത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടണാണ് ഇന്ത്യൻ ഇനത്തിന്റെ ഹോട്ട്സ്പോട്ട് ആയി തുടരുന്നത്. ഇതുവരെ 1,354 കേസുകളാണ് ഇവിടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആയിരത്തോളം രോഗികളുമായി ബെഡ്ഫൊർഡ് രണ്ടാം സ്ഥാനത്തുണ്ട്. ബ്ലാക്ക്‌ബേൺ, ലെസ്റ്റർ, സെഫ്റ്റോൺ സെൻട്രൽ ബെഡ്ഫോർഡ്ഷയർ, മാഞ്ചസ്റ്റർ, ഹില്ലിങ്ടൺ എന്നീ ഏരിയകളിലാണ് ഇന്ത്യൻ ഇനം കൂടുതൽ വ്യാപകമായി ഉള്ളത്. ഇതുകൂടാതെ മറ്റു പലയിടങ്ങളീലും ഇന്ത്യൻ ഇനത്തിന്റെ സാന്നിദ്ധ്യം കുറഞ്ഞ തോതിലാണെങ്കിലും കാണപ്പെടുന്നുണ്ട്.