- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് പൊലീസ്; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു: ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്ന് പറഞ്ഞ് ഷീജ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച ശബ്ദസന്ദേശം തെളിവായി സ്വീകരിച്ച് പൊലീസ്
പൊൻകുന്നം: ഇംഗ്ലണ്ടിൽ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണന്റെ (43) മരണത്തിൽ ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷീജയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭർത്താവ് ബൈജു ശാരീരികമായി ഉപദ്രവിക്കുന്നതായും ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പറഞ്ഞു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഷീജ ശബ്ദസന്ദേശം അയച്ചിരുന്നു. ഇത്തരം തെളിവുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
ബൈജു ഷീജയെ ഉപദ്രവിക്കുന്നതു സംബനധിച്ച് തനിക്കു ലഭിച്ച സന്ദേശം മേയർക്കു പരാതിയായി നൽകിയെന്ന് ഇവരുടെ സുഹൃത്ത് ഇംഗ്ലണ്ടിലുള്ള ലീന പറഞ്ഞു. മേയർ ഇത് ഇന്ത്യൻ ഹൈക്കമ്മിഷണർക്കു കൈമാറി. അതേസമയം, സംഭവത്തിൽ പ്രതികരിക്കാനില്ലെന്നു ഭർത്താവ് ബൈജുവിന്റെ കുടുംബം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ഷീജയുടെ കുടുംബം ശ്രമം ആരംഭിച്ചു. ഇക്കാര്യങ്ങൾക്കായി കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കു കത്തു നൽകി. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഭർത്താവ് ബൈജുവിനാണു മൃതദേഹത്തിൽ അവകാശം.
ഷീജയുടെ രണ്ട് കുട്ടികളെ നാട്ടിലെത്തിക്കാനും ശ്രമമുണ്ട്. കുട്ടികളെ തിരികെയെത്തിക്കുന്നത് അവരുടെ അഭിപ്രായം അനുസരിച്ചാകും.. നിലവിൽ കുട്ടികൾ ബ്രിട്ടിഷ് പൗരന്മാരാണ്. റാന്നി സെന്റ് തോമസ് കോളജിൽ നിന്നു പ്രീഡിഗ്രി പാസായ ഷീജ ഡൽഹിയിലെ ഹോളിഫാമിലി നഴ്‌സിങ് കോളജിൽ പഠനം നടത്തി അവിടെ ജോലിയിൽ പ്രവേശിച്ചു. ഡൽഹിയിലെ എസ്‌കോർട്ട് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ഇംഗ്ലണ്ടിൽ സർക്കാർ ജോലി ലഭിച്ചു. ഇടയ്ക്ക് ഈ ജോലി നഷ്ടമായി. തുടർന്നു ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞത് ഉറ്റ സുഹൃത്തിനോട്
ജീവിതം മടുത്തെന്നും ജീവിച്ചിരിക്കില്ലെന്നും ഷീജ പറഞ്ഞതായി സുഹൃത്ത് ലീന. 'പനിയാണ്. കുഴപ്പമില്ല. എനിക്ക് ആരുമില്ല സഹായത്തിന്. വെള്ളം പോലും തരാനാളില്ല. ഞാൻ ആരോടും ദ്രോഹം ചെയ്തിട്ടില്ല. എല്ലാവർക്കും സഹായം മാത്രമാണു നൽകിയത്. ഇനി ജീവിച്ചിരിക്കില്ല. മടുത്തു' അവസാനം ഫോണിൽ സംസാരിച്ചപ്പോൾ അവൾ ഇങ്ങനെ പറഞ്ഞതായി ലീന അറിയിച്ചെന്നു ഷീജയുടെ ബന്ധുക്കൾ വ്യക്തമാക്കി.
പ്രതിമാസം 6 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നെങ്കിലും ഷീജയുടെ കൈവശം പണം ബാക്കിയുണ്ടായിരുന്നില്ലെന്ന് അമ്മാവൻ പി.എൻ.ജയകുമാർ പറഞ്ഞു. സ്വന്തമായി ഒരു പൈസ പോലും ചെലവിടാൻ കഴിഞ്ഞിരുന്നില്ലെന്നും പലതവണ വിവാഹ മോചനത്തിനു ഷീജ ശ്രമിച്ചിരുന്നതായും സഹോദരൻ ഷൈജു പറഞ്ഞു. നാട്ടിൽ വന്നാലും കൂടുതൽ ദിവസം നിൽക്കാറില്ല. നാട്ടിലേക്കു പോരാനായി പലതവണ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇംഗ്ലണ്ടിലെ വീട്ടിൽ അവളെ ഭർത്താവ് മർദിക്കുന്നത് കണ്ടെന്നു സഹോദരി ഷീബയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ