- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും രോഗക്കുതിപ്പ്; ഇന്നലെ 4000 ൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിച്ചു; ജൂൺ 21 ന് ഇളവുകൾ വേണ്ടെന്ന് വിദഗ്ദർ; ബ്രിട്ടണിൽ ആശങ്കയുയർത്തുന്നത് ഇന്ത്യൻ വകഭേദത്തിന്റെ വളർച്ച
കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച ബ്രിട്ടനെ പുറകോട്ടടുപ്പിച്ചുകൊണ്ട് ഇന്ത്യൻ വകഭേദത്തിന്റെ മുന്നേറ്റം. ഇന്നലെ 4000-ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിലിനുശേഷ ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 4000-ന് മുകളിൽ പോകുന്നത്. അടുത്തമാസം സാധാരണ ജീവിതത്തിലേക്ക് നീങ്ങാമെന്ന ബ്രിട്ടന്റെ പ്രത്യാശയുടെ മേൽ കരിനിഴൽ വീഴ്‌ത്തുകയാണ് ഈ പുതിയ കണക്കുകൾ.
കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 4,182 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1 ന് 4,479 രോഗികൾക്ക് രോഗം സ്ഥിരീകരിച്ചതിനു ശേഷമുണ്ടാകുന്ന ഏറ്റവുംവലിയ സംഖ്യയാണിത്. എന്നാൾ, ഏറ്റവുമധികം ആശങ്കയുണർത്തുന്നത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 75 ശതമാനം പേരിലും ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നുള്ളതാണ്. കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ രോഗവ്യാപനതോത് വർദ്ധിക്കുമെന്നാണ് മന്ത്രിമാരും കരുതുന്നത്.
അതേസമയം ലോക്ക്ഡൗൺ ഇളവുകൾ പൂർണ്ണമായും നീക്കുന്നത് വൈകിയേക്കുമെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകാനായി ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങൾ അറിയിച്ചത്. ഇന്ത്യൻ വകഭേദം കെന്റ് വകഭേദത്തേക്കാൾ അതീവ വ്യാപനശേഷി പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം വരികയോ ചെയ്താൽ മാത്രമേ അക്കാര്യം ചിന്തിക്കുകയുള്ളു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാൽ, ഇളവുകളുടെ അവസാനഘട്ടം രണ്ട് മാസത്തേക്കെങ്കിലും നീട്ടണം എന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. ഇത് കൂടുതൽ പേർക്ക് വാക്സിൻ പൂർണ്ണമായും നൽകുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വാക്സിന്റെ ആദ്യഡോസ് ഇന്ത്യൻ വകഭേദത്തിനെതിരെ 33 ശതമാനം മാത്രമാണ് പ്രവർത്തനക്ഷമമെന്ന കാര്യം അവർ ചൂണ്ടിക്കാണിക്കുന്നു.അതേസമയം, അത് കെന്റ് ഇനത്തിനെതിരെ 50 ശതമാനം ഫലം നൽകിയിരുന്നു.
അതേസമയം, ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ സാവധാനം വർദ്ധനവ് ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ ജൂൺ 21-ന് സമ്പൂർണ്ണ ഇളവുകൾ പ്രഖ്യാപിച്ചാലും ഫേസ് മാസ്‌ക് ധരിക്കണം എന്നത് നിർബന്ധമാക്കിയേക്കും എന്നറിയുന്നു. മാത്രമല്ല, വർക്ക് ഫ്രം ഹോം സംവിധാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക എന്നും അറിയുന്നു. മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുവാനായി സാമൂഹിക അകലവും വാതിൽക്കക ഇടങ്ങളിൽ പരമാവധി ആറുപേർ മാത്രമേ ഒത്തുചേരാവൂ എന്ന നിബന്ധനയും തുടർന്ന് കൊണ്ടുപോകാനും സാധ്യതയുണ്ട്.
ഉത്സവാഘോഷങ്ങളും കലാപരിപാടികളും കായിക മത്സരങ്ങളും സുഗമമായി നടത്തുന്നതിനായി ആളുകൾക്ക് കൂട്ടം ചേരുവാനുള്ള അനുമതി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, അത്തരമൊരു നയം തിരിച്ചടിക്കുമോ എന്ന ഭയവും ഉന്നതർക്കുണ്ട്. ഇത് രോഗവ്യാപനംവീണ്ടും നിയന്ത്രണാതീതമാക്കിയേക്കുമെന്നും അത് മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗണിൽ കലാശിച്ചേക്കുമെന്നും അവർ ഭയക്കുന്നു.