'ഇഞ്ചിക്കൽ' എന്ന ചുരുക്കപ്പേരിൽ മലയാളികൾക്കിടയിൽ സുപരിചിതനായ അശ്റഫ് ഇഞ്ചിക്കൽ പ്രവാസം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്നു. 1977 ജുലൈ 27ന് ബഹ്റൈനിലെത്തിയ അദ്ദേഹം മനാമയിലെ ഹർമസ് ട്രേഡിങ് എന്ന സ്ഥാപനത്തിൽ നീണ്ട 28 വർഷക്കാലം സെയിൽസ്മാനായും അക്കൗണ്ടന്റായും മാനേജറായും തുടർന്ന് 16 വർഷം അൽ ഇഖ്ലാസ് ഡോക്യുമെന്റ്സ് ക്ലിയറൻസ് ഓഫീസിലും ജോലി ചെയ്തു.

പ്രവാസ ജീവിതത്തിനിടയിൽ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. 1980ൽ ബഹ്റൈൻ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം 1984ൽ സംഘടനയുടെ നാഷണൽ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്നങ്ങോട്ട് നാഷണൽ കമ്മറ്റിയുടെ വ്യത്യസ്ഥ സ്ഥാനങ്ങൾ അലങ്കരിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ഇഞ്ചിക്കൽ. ബഹ്റൈൻ കേരള സുന്നി ജമാഅത്ത് ഇപ്പോൾ ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംഘടനയുടെ സർവ്വീസ് വിഭാഗം സെക്രട്ടറിയാണ് അശ്റഫ് ഇഞ്ചിക്കൽ. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവർത്തന മികവും ഐ സി എഫിന് വലിയ ഊർജ്ജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകൾക്ക് ജോലി ശരിപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടിയും കാരുണ്യപ്രവർത്തന രംഗത്ത് ഇടതടവില്ലാതെ പ്രവർത്തിച്ചതിന്റെ ചാരിതാർത്ഥ്യവുമായിട്ടാണ് അഷ്റഫ് സാഹിബ് ബഹ്റൈനിനോട് വിടപറയുന്നത്. സിറാജ് ദിന പത്രത്തിലും മറ്റും ലേഖനങ്ങളെഴുതിയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഐ.സി.എഫിന്റെ വ്യത്യസ്ഥ പദവികൾ വഹിക്കുന്നതോടൊപ്പം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ അൽമഖറിന്റെ ബഹ്റൈൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. കമ്മിറ്റി നിലവിൽ വന്നതിന് ശേഷം തുടർച്ചയായി മുപ്പതു വർഷം അതിന്റെ സെക്രട്ടറിയായിരുന്നു. കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സഅദിയ്യ സ്ഥാപനത്തിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവർത്തനത്തിന്റെ ഭാഗമാണ്. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാൽ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീർഘകാലത്തെ പ്രവർത്തനങ്ങളിലെ അനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ചത്. 44 വർഷത്തെ തന്റെ ജീവിതത്തിൽ ഒരു നിരാശയും എനിക്ക് ഉണ്ടായിട്ടില്ലെന്നും എല്ലാം നേടിയെന്ന ആത്മ സംതൃപ്തിയോടെയാണ് ബഹ്റൈനോട് വിടപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. 33 വർഷം ബഹ്റൈനിൽ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിഞ്ഞതും വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു.

മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികൾക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചു നൽകുന്ന രാജ്യമാണ് ബഹ്റൈൻ. മതസൗഹാർദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന ഈ രാജ്യത്തെ ജനങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ നമുക്ക് പകർത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 31 നാണു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. 28 നു വെള്ളിയാഴ്ച രാത്രി 8:30 നു ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് ഓൺലൈനിൽ ഒരു യാത്രയയപ്പു ഒരുക്കിയിട്ടുണ്ട്. അഷ്റഫ് സാഹിബുമായി ബന്ധപ്പെടാൻ 33835311 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.