ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ജനതകളിൽ ഒന്നാണ് ഉത്തര കൊറിയൻ ജനത എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കമ്മ്യുണിസത്തിന്റെ പേരിൽ കുടുംബവാഴ്‌ച്ച ഊട്ടിയുറപ്പിച്ച്, തികച്ചും ഏകാധിപത്യ രീതിയിൽ ഭരണം നടക്കുന്ന ഇവിടത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യം എന്തെന്നത് അറിയില്ല എന്നതാണ് വാസ്തവം. താരതമ്യേന ചെറിയ കുറ്റങ്ങൾക്ക് വരെ വധശിക്ഷ നൽകുന്ന ഇവിടെ ചിലപ്പോഴൊക്കെ ശിക്ഷയനുഭവിക്കുവാൻ അടുത്ത തലമുറകളും വിധിക്കപ്പെടാറുണ്ട് എന്നതാണ് വിചിത്രകരമായ കാര്യം.

ഉത്തരകൊറിയയിലെ അപഹാസ്യമായ നീതിനിർവ്വഹണ സംവിധാനത്തിന്റെവിചിത്രമായ മറ്റൊരു രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊതുസ്ഥലത്തുവച്ച് ഒരാളെ വെടിവെച്ചുകൊന്നത് അയാൾ ദക്ഷിണ കൊറിയൻ സിനിമയുടെ സി ഡി വിറ്റു എന്നതിന്റെ പേരിലാണ്. അയാളെ വെടിവച്ചുകൊല്ലുക മാത്രമല്ല, ആ രംഗം കാണുവാൻ അയാളുടെ കുടുംബാംഗങ്ങൾ നിർബന്ധിതരാകുകയും ചെയ്തു എന്നറിയുമ്പോഴാണ് ഈ രാജ്യത്തെ ഭരണകൂടത്തിന് മനുഷ്യത്വം എത്ര അന്യമാണെന്ന് മനസ്സിലാകുന്നത്.

വൊൻസൻ ഫാമിങ് മാനേജ്മെന്റ് കമ്മീഷനിൽ എഞ്ചിനീയറായ ലീ എന്ന സർനെയിം ഉള്ള വ്യക്തിയാണ് ഇപ്രകാരം 500 പേരുടെ മുന്നിൽ വച്ച് കൊല്ലപ്പെട്ടത്. പൗരന്മാർ ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്നറിയാൻ അയൽക്കൂട്ടങ്ങൾ അഥവാ പീപ്പിൾസ് യൂണിറ്റ് എന്നൊരു സമ്പ്രദായം ഇവിടെയുണ്ട്. ലീ താമസിക്കുന്ന സ്ഥലത്തെ അയൽക്കൂട്ടത്തിന്റെ തലവന്റെ മകളാണ് ഇയാൾ വീഡിയോ വിൽക്കുന്ന കാര്യം പൊലീസിൽ അറിയിച്ചതെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു.

അറസ്റ്റിലായി 40 ദിവസങ്ങൾക്ക് ശേഷമാണ് ലീയെ വെടിവച്ചു കൊല്ലുന്നത്. അയാളുടേ ഭാര്യയേയും മക്കളേയും ആ രംഗത്തിന് സാക്ഷ്യം വഹിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. പുതിയ ആന്റി-റിയാക്ഷണറി തോട്ട് ലോയുടേ കീഴിൽ ഗ്യാങ്വൻ പ്രവിശ്യയിൽ നടപ്പിലാക്കിയ ആദ്യ വധശിക്ഷയാണിത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്നതാണ് ഈ പുതിയ കരാളനിയമം.

വധശിക്ഷ നടപ്പിലാക്കിയ ഉടനെ ലീയുടെ മൃതദേഹം ഒരു ചാക്കിൽ പൊതിഞ്ഞ് പിക്ക് വാനിൽ കൊണ്ടുപോവുകയായിരുന്നു. ഈ ഭീകര ദൃശ്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന ലീയുടെ ഭാര്യ ബോധം കെട്ടുവീണപ്പോൾ അവരെയും എടുത്ത് ഒരു വാനിലേക്ക് എറിയുകയായിരുന്നു. മറ്റുകുടുംബാംഗങ്ങൾ കരയാൻ പോലും ആകാതെ എല്ലാം അടക്കിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. രാജ്യദ്രോഹിയെ വെടിവെച്ചു കൊല്ലുമ്പോൾ ആരെങ്കിലും കരഞ്ഞാൽ അവരും കുറ്റവാളികളായി കണക്കാക്കപ്പെടും എന്നതാണ് അവിടത്തെ നിയമം ?

സി ഡി കളും യു എസ് ബി കളും വിറ്റതായി ഇയാൾ സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്നും സാധനങ്ങൾ വാങ്ങിയവരെ തിരയുന്ന തിരക്കിലാണ് പൊലീസ്. നിലവിലെ നിയമമനുസരിച്ച് ദക്ഷിണ കൊറിയൻ സിനിമ കണ്ടാൽ തന്നെ നിങ്ങൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കും. ഇത്തരത്തിൽ ആരെങ്കിലും സിനിമ കാണുന്ന വിവരം അറിഞ്ഞിട്ടും നിങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ഏഴുവർഷം വരെ തടവു ലഭിക്കും. ഇതാണ് ഉത്തരകൊറിയയിലെ നിയമം അനുശാസിക്കുന്നത്.