- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്ടൽ മുറിയിൽ വാക്‌സീൻ വേണ്ട; സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു കേന്ദ്ര സർക്കാരിന്റെ വിലക്ക്: 2999 രൂപയുടെ വാക്സിൻ പാക്കേജ് പിൻവലിച്ച് ഹൈദരാബാദിലെ പ്രമുഖ ഹോട്ടൽ
ന്യൂഡൽഹി: ഹോട്ടൽ മുറിയിൽ വാക്‌സീൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. സ്വകാര്യ ആശുപത്രികളുടെ ഈ നീക്കം അനുവദനീയമല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഹൈദരാബാദിലെ പ്രമുഖ ഹോട്ടൽ പ്രഖ്യാപിച്ചിരുന്ന 2999 രൂപയുടെ വാക്‌സീൻ പാക്കേജ് പിൻവലിച്ചു.
സ്വകാര്യ ആശുപത്രിയിലോ സർക്കാർ ആശുപത്രിയിലോ എടുക്കേണ്ട വാക്‌സീൻ ഹോട്ടൽ മുറിയിൽ എത്തിച്ചു നൽകുന്ന പാക്കേജാണിത്. കുത്തിവയ്പിനൊപ്പം പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവുമാണു പാക്കേജിൽ ഉണ്ടായിരുന്നത്. വാക്‌സീനു വേണ്ടിയുള്ള അപ്പോയ്ന്റ്‌മെന്റ് പോലും കിട്ടാതെ നൂറുകണക്കിനാളുകൾ പരക്കം പായുന്നതിനിടെയാണു ഹൈദരാബാദിലെ ഹോട്ടൽ വാക്‌സീൻ പാക്കേജ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചതിന് പിന്നാലെ സംഭവം വിവാദമാകുക ആയിരുന്നു.
കേന്ദ്ര നിർദേശമനുസരിച്ച്, സർക്കാർ സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കുത്തിവയ്പു കേന്ദ്രങ്ങൾ, ജോലിസ്ഥലം, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തു സജ്ജമാക്കുന്ന കേന്ദ്രം, താൽക്കാലിക അടിസ്ഥാനത്തിൽ റസിഡൻഷ്യൽ കോംപ്ലക്‌സുകൾക്കുള്ളിലെ ഓഫിസുകൾ, സാമൂഹിക കേന്ദ്രങ്ങൾ, പഞ്ചായത്ത് ഭവനുകൾ, സ്‌കൂളുകൾ, കോളജുകൾ, വയോജന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കുത്തിവയ്പ് ആകാം. ഇതല്ലാത്ത ഇടങ്ങളിൽ കുത്തിവയ്പു പാടില്ലെന്നാണു കേന്ദ്ര നിർദ്ദേശം.
വാക്‌സീൻ നഷ്ടത്തിന് സാധ്യത
വാക്‌സീൻ ഡോസേജ് നഷ്ടം, പൊട്ടിച്ച വാക്‌സീൻ കുപ്പികൾ ഹോട്ടൽ മുറിയിലെ ഒന്നോ രണ്ടോ പേരുടെ ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ, മലിനപ്പെടാനും ഫലപ്രാപ്തി കുറയാനുമുള്ള സാധ്യത തുടങ്ങിയ പ്രശ്‌നങ്ങളാണു കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. വാക്‌സീനെടുക്കുന്ന ആർക്കെങ്കിലും പെട്ടെന്നുണ്ടാകുന്ന വിപരീതഫലവും ആശങ്കയാണ്. ഈ സാഹചര്യത്തിൽ തീവ്രപരിചരണം ഉൾപ്പെടെ അടിയന്തര ആശുപത്രിസേവനം ലഭ്യമാക്കണമെന്നതാണു കേന്ദ്ര നിർദ്ദേശം.