വൈക്കം: വൈക്കത്തെ ഒരു കുടുംബത്തിൽ ആറുദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നുപേർ. വൈക്കം നഗരസഭ 17-ാം വാർഡിൽ മൂകാംബികച്ചിറ കുടുംബത്തിനാണ് ഈ ദുര്യോഗം.

രണ്ട് സഹോദരങ്ങളെയും അവരിലൊരാളുടെ ഭാര്യയെയുമാണ് കുടുംബത്തിന് നഷ്ടമായത്. മൂകാംബികച്ചിറയിൽ ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും മരിച്ചു. ഞായറാഴ്ച രാവിലെ ബാബുവിന്റെ ഭാര്യ നിർമലയും (61) മരിച്ചത്. ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു.

ഉറ്റവരുടെ വേർപാട് നൊമ്പരമാവുമ്പോൾ അന്ത്യകർമം നടത്താൻപോലും കഴിയാത്ത സാഹചര്യവും ഉറ്റവരെ വേദനയിലാക്കി. അന്നന്ന് തൊഴിലെടുത്താണ് ഇവർ കുടുംബം പോറ്റിയിരുന്നത്. മൂന്നുപേരുടെയും ശവസംസ്‌കാരം വൈക്കം നഗരസഭാ ശ്മശാനത്തിൽ നടത്തി. ബാലകൃഷ്ണന്റെ ഭാര്യ മീര. മകൻ വിഷ്ണു. ബാബുവിന്റെയും നിർമലയുടെയും മക്കൾ: രതീഷ്, രമ്യ. മരുമകൻ: സ്മീതിഷ് (കേരള പൊലീസ്).