- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോർപറേഷൻ-ജില്ലാ പഞ്ചായത്ത് പോര്; താത്വിക അവലോകനവുമായി മന്ത്രി നൈസായി ഒഴിഞ്ഞു മാറി
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ജില്ലാ പഞ്ചായത്തിന് നികുതി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയ വിഷയം രാഷ്ട്രിയ വിവാദമായി വളർത്തിയെടുക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. അധികാരമേറ്റയുടൻ തന്നെ വിവാദങ്ങളിലേക്ക് എടുത്തു ചാടേണ്ടെന്ന തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്റെ നിലപാടാണ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൻ പി.പി ദിവ്യക്കും ഭരണ സമിതിക്കും തിരിച്ചടിയായത്.
മുൻസിപ്പൽ ആക്ട് പരിധിയിൽ വരുന്ന വിഷയമായതിനാൽ ഉദ്യോഗസ്ഥ തലത്തിൽ പഠിച്ചതിന് ശേഷം പരിഹാരമുണ്ടാക്കാമെന്ന നിലപാടാണ് മന്ത്രി ഈക്കാര്യത്തിൽ സ്വികരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏതു പാർട്ടി ഭരിക്കുന്നതായാലും സർക്കാരിന് ഒരു പോലെയാണെന്നും ഈ കാര്യത്തിൽ വിവേചനമില്ലെന്നും മന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ചരടിൽ കോർത്ത മുത്തുമണികൾ പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുൻപോട്ടുകൊണ്ടു പോകുകയാണ് ഇടതു മുന്നണി നയമെന്നു മന്ത്രി വ്യക്തമാക്കിയതോടെ കണ്ണുർ കോർപറേഷനെതിരെ നടപടി യുണ്ടാകുമെന്ന പ്രതീക്ഷയാണ് മങ്ങിയത്.
ജില്ലാ പഞ്ചായത്ത് ആസ്ഥാനമന്ദിരത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ 2016 മുതലുള്ള നികുതി കുടിശ്ശികയായി 13 ലക്ഷം രൂപ അടയ്ക്കുന്നതിനാണ് കോർപറേഷൻ രണ്ടാഴ്‌ച്ച മുൻപ് നോട്ടിസ് നൽകിയത്. എന്നാൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നികുതി അടയ്ക്കുന്ന പതിവില്ലെന്നും നികുതി കുടിശിക ആവശ്യപ്പെട്ടുകൊണ്ടു നൽകിയ നോട്ടിസിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നുമായിരുന്നു ജില്ലാ പഞ്ചായത്തിന്റെ നിലപാട്.
ഈ വിഷയങ്ങൾ ചുണ്ടിക്കാണിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ പി.പി ദിവ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കത്തെഴുതുകയും ചെയ്തു. കണ്ണുർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ട്രീയക്കളി നടത്താനുള്ള കരുത്ത് കോർപറേഷനില്ലെന്ന് ദിവ്യ തുറന്നടിച്ചതോടെ വിഷയം സിപിഎം-കോൺഗ്രസ് പോരിലേക്ക് നീങ്ങി. എരിതീയിൽ എണ്ണയൊഴിക്കാനനെന്നപ്പോലെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഈ വിഷയത്തിൽ ചാടി വീണതോടെ പോരിന്റെ കാഠിന്യം മുർച്ഛിച്ചു.
കണ്ണൂരിന്റെ ചുടും ചുരുമറിയാവുന്ന തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദനെ കൊണ്ട് കോർപറേഷനെ പൂട്ടാമെന്ന് ദിവ്യയും സിപിഎം ജില്ലാ നേതൃത്വവും കണക്കുകൂട്ടിയിരുന്നുവെങ്കിലും അതു നടക്കാതെ ചീറ്റി പോവുകയായിരുന്നു.മുൻസിപ്പൽ ആക്ട് പ്രകാരമുള്ള സാധാരണ നടപടിക്രമങ്ങളിലൊന്നാണ് നികുതി കുടിശ്ശിക പിരിക്കലെന്ന വിദഗ്ദ്ധ ഉപദേശം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും മന്ത്രിക്ക് ലഭിച്ചതായാണ് സൂചന.ഇതോടെയാണ് കടുത്ത നടപടികളെടുത്ത് വിവാദത്തിൽ ചാടേണ്ടതില്ലെന്ന തന്ത്രപരമായ തീരുമാനം മന്ത്രി സ്വീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരു ഭരിക്കുന്നുവെന്നല്ല എങ്ങനെ ഭരിക്കുന്നുവെന്നതിലാണ് കാര്യമെന്ന താത്വിക അവലോകനത്തിലുടെ എം.വി ഗോവിന്ദൻ നൈസായി വിവാദങ്ങളിൽ നിന്നും തലയുരിയതോടെ ജില്ലാ പഞ്ചായത്തിന്റെ പത്തി താൽക്കാലികമായി മടങ്ങിയിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്