ജനീവ: ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്‌സീനാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയത്. ഇതോടെ ചൈനയിൽനിന്നുള്ള രണ്ടാമത്തെ വാക്‌സീനാണ് ലോകാരോഗ്യ സംഘടന പച്ചക്കൊടി കാട്ടുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് രണ്ടു ഡോസുകളായി 24 ആഴ്ചകളുടെ ഇടവേളയിൽ നൽകാനാണ് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് നിർമ്മിത വാക്‌സീനാണ് സിനോവാക്. മെയ്‌ ആദ്യം ചൈനയുടെ സിനോഫാം വാക്‌സീന് ഡബ്ല്യുഎച്ച്ഒ അംഗീകാരം നൽകിയിരുന്നു. നിലവിൽ ചൈനയ്ക്കു പുറമേ ചിലെ, ബ്രസീൽ, ഇന്തൊനീഷ്യ, മെക്‌സികോ, തായ്ലൻഡ്, തുർക്കി തുടങ്ങി 22 രാജ്യങ്ങളിൽ സിനോവാക് ഉപയോഗിക്കുന്നുണ്ടെന്നാണു രാജ്യാന്തര വാർത്ത ഏജൻസി റിപ്പോർട്ട്‌ െചയ്യുന്നത്.

ഫൈസർ, അസ്ട്രാസെനക, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സീനുകൾ.
കാൻസിനോ ബയോളജിക് നിർമ്മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സീൻ അനുമതി ലഭിക്കാൻ ലോകാരോഗ്യ സംഘടനയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക് നിർമ്മിച്ച ഇന്ത്യയുടെ കോവാക്സിനും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സീൻ കയറ്റുമതി ചെയ്യുന്ന ഡബ്ല്യുഎച്ച്ഒയുടെ കോവാക്‌സ് പദ്ധതിയിൽ ഇനിമുതൽ സിനോവാകും ഉൾപ്പെടും. നിലവിൽ അസ്ട്രാസെനകയും ഫൈസറും മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.