- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 മാസങ്ങൾക്കു മുൻപ് ഹൃദയാഘാതം മൂലം ചേച്ചി മരിച്ചു; 26 ദിവസങ്ങൾക്ക് മുൻപ് ചേച്ചിയുടെ അടുത്തേക്ക് അച്ഛനും പോയി: മരണം ഏൽപ്പിച്ച മുറിവുകൾ കാലം എത്ര കഴിഞ്ഞാലും പൊട്ടിയും പഴുത്തും നൊമ്പരപ്പെടുത്തും: ഹൃദയം തൊടുന്ന കുറിപ്പുമായി യുവതി
പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിൽ ഉണ്ടാക്കുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാവുന്നതല്ല. കാലം കഴിയുന്തോറും അവരെ കുറിച്ചുള്ള ഓർമ്മകൾ ഒരു വിങ്ങലായി മനസ്സിൽ കൂടുകുട്ടുകയും ചെയ്യും. അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, റൂം, പുസ്തകങ്ങൾ അതെല്ലാം കാണുമ്പോൾ വേദന ഇരട്ടിക്കും. അകാലത്തിൽ വിട്ടുപോയ ചേച്ചിയുടെ ഓർമകൾ വേദനയോടെ പങ്കുവയ്ക്കുകയാണ് ഇവാ ശങ്കർ എന്ന യുവതി. ഹൃദ്രോഗിയായ ചേച്ചിയുടെ വിയോഗം നൽകിയ വേദനകളുടെ ആഴം ഇവയുടെ കുറിപ്പിലുണ്ട്.
ഇവയുടെ കുറിപ്പ് വായിക്കാം
ചേച്ചിയെ കുറിച്ച് ഇവ ഓർമിക്കുന്നത് ഇങ്ങനെ: 'ഒരുപാടുപേർ എന്റെ മെസൻജറിൽ വന്നു ചേച്ചിയെ കുറിച്ചു ചോദിച്ചു അതിനുള്ള മറുപടി ആണിത്. എനിക്ക് ചേച്ചി ഉണ്ടായിരുന്നു 21 മാസങ്ങൾക്കു മുൻപ് ഹൃദയാഘാതം മൂലമാണ് ചേച്ചി ഞങ്ങളെ വിട്ടു പോയത്. ചേച്ചി ചെറുപ്പത്തിലേ ഹൃദ്രോഗിയായിരുന്നു. അവളുടെ ഓർമകളുടെ ബാക്കിയായി ഒരു നിധി എനിക്കൊപ്പമുണ്ട്. അതിന് ചേച്ചിയുടെ ഗന്ധമാണ്. അത് ധരിക്കുമ്പോൾ ആ സ്നേഹം എനിക്ക് അനുഭവിച്ചറിയാം. ഞാൻ സൂക്ഷിച്ചിരിക്കുന്ന നിധി.
ചേച്ചി പോയ ശേഷ ഞാനും അച്ഛയും അമ്മയുമാണ് വീട്ടിലുള്ളത്. 11 ദിവസങ്ങൾക്കു മുൻപ് 28 ഏപ്രിൽ രാവിലെ അച്ഛക്കു അറ്റാക്ക് ഉണ്ടാവുയും ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ചില അസ്വസ്ഥതകൾ കാരണം ടെസ്റ്റ് ചെയ്യുമ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയും 29 നു വെളുപ്പിനെ 2 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിന്നും അച്ഛ മരണപ്പെടുകയുമാണ് ചെയ്തത്. ചേച്ചി മരിച്ചു 20 മാസവും 5 ദിവസവും ആയപ്പോൾ അച്ഛയും പോയി. നെയ്യാറ്റിൻകര കുടുംബ വീട്ടിൽ ചേച്ചിയുടെ അടുത്തായി ഇപ്പോൾ അച്ഛയും അന്ത്യ വിശ്രമം കൊള്ളുന്നു. ഞാനും അമ്മയും പാപ്പനംകോട് വീട്ടിലാണ്. എനിക്കും കോവിഡ് ആയതു കാരണം വീട്ടിലേക്കു വരാൻ ഇതുവരെയും ആരെയും അനുവദിച്ചിട്ടില്ല. ചടങ്ങുകൾ ഒന്നും കഴിഞ്ഞിട്ടില്ല. അതൊക്കെ ഞാൻ ഓക്കേ ആയതിനു ശേഷം മാത്രമായിരിക്കും
21 മാസങ്ങൾക്കു മുൻപുള്ള ഒരു 24 നു ആണ് ചേച്ചി വിട പറയുന്നത്. ഇന്ന് അച്ഛ പോയി 26 ദിവസങ്ങൾ പിന്നിടുന്നു. വേദനയുടെയും ശൂന്യതയുടെയും നടുവിലാണ് ഞങ്ങൾ ഇപ്പോൾ. ഞങ്ങൾ ഉറങ്ങാതിരിക്കുമ്പോൾ അച്ഛയും മകളും സുഖമായുറങ്ങുന്നു.
മരണം നമ്മളിൽ ഏൽപ്പിച്ച മുറിവുകൾ കാലം എത്ര കഴിഞ്ഞാലും പൊട്ടിയും പഴുത്തും നൊമ്പരത്തിപെടുത്തികൊണ്ടിരിക്കും. കുറഞ്ഞ കാലമേ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലും മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന അടയാളം അവശേഷിപ്പിച്ചാണ് അവർ മടങ്ങിയത്. എത്ര കാലം ഈ ഭൂമിയിൽ ജീവിച്ചു എന്നതല്ല. ആരുടെയും കണ്ണുനീർ വീഴ്‌ത്താതെ ഈ ഭൂമിയിൽ നിന്നും കടന്നു പോകുന്നവനാകണം മനുഷ്യൻ. അച്ഛയും ചേച്ചിയും അത് തെളിയിച്ചു. ഇതൊരു ഓർമ്മപ്പെടുത്തലാണ്. എനിക്കും അമ്മയ്ക്കും.