തിരുവനന്തപുരം: വേനൽ മഴയ്ക്ക് പിന്നാലെ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) ഇന്ന് എത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് ഇക്കൊല്ലം മഴ കുറയാനാണ് സാധ്യത. എന്നാൽ അതിതീവ്രമഴയോ പ്രളയമോ ചുഴലിക്കാറ്റോ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ ശാത്രജ്ഞർ തള്ളിക്കളയുന്നില്ല. മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്യുന്നതാണു കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ ഇന്നലെ വൈകിട്ടു വരെയും കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചിട്ടില്ല.

മൺസൂൺ എത്തിയാലും ആദ്യഘട്ടത്തിൽ ദുർബലമാകാനാണ് സാധ്യത. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സ്വാധീനമാണ് കാരണം. ഈ മഴക്കാലത്ത് പൊതുവെ കേരളത്തിലും തെക്കേഇന്ത്യയിലാകെയും മഴ കുറയാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. 200 മുതൽ 258 സെന്റിമീറ്റർവരെ മഴയാണ് കേരളത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ വേനൽ മഴ 108 ശതമാനം അധികം കിട്ടി. മാർച്ച് മുതൽ മെയ് അവസാനം വരെയുള്ള കാലയളവ് മഴക്കാലം പോലെയാകുകയും ചെയ്തു.

കാലവർഷം ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെത്തിയിട്ട് ഏതാനും ദിവസങ്ങളായി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തു മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എന്നാൽ അതിതീവ്രമഴ ദിവസങ്ങളോ അതിന് ഇടയാക്കുന്ന കൂംബാര മേഘമായ ക്യുമുലോനിംബസിന്റെ രൂപീകരണമോ ഉണ്ടാകില്ലെന്ന് പറയാനാകില്ല. തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങൾ രണ്ടാഴ്ച മുൻപ് മാത്രമെ പ്രവചിക്കാനേ സാധിക്കൂ എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടു ചുഴലിക്കാറ്റിൽ കേരളത്തിനു ലഭിച്ചത് റെക്കോഡ് മഴയാണ്. അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിലുണ്ടായ യാസ് ചുഴലിക്കാറ്റുംമൂലം ആറുദിവസത്തിൽ കേരളത്തിൽ പെയ്തത് ശരാശരി 362.9 മില്ലിമീറ്റർ മഴ. അതുകൊണ്ട് തന്നെ കാലവർഷം തിമിർത്ത പെയ്താൽ പ്രതിസന്ധി രൂക്ഷമാകും. ഇതിന് വേണ്ട മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. ചുഴലിക്കാറ്റുമൂലമുണ്ടാകുന്ന മഴയ്ക്ക് നേരിയ ശമനമാകുമ്പോഴാണു കേരളം കാലവർഷത്തെ നേരിടാനൊരുങ്ങുന്നത്.

കേരളത്തിൽ കാലവർഷം ഏറ്റവും നേരത്തേ എത്തിയത് 1918-ലാണ്. മെയ് 11-ന്. ഏറ്റവും വൈകി എത്തിയത് 1972 ജൂൺ 18-നാണ്. 2000 മുതൽ 2020 വരെയുള്ള കാലയളവിൽ 2009-ലാണു കാലവർഷം ഏറ്റവും നേരത്തേ എത്തിയത്- മെയ് 23-നും. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സമയത്താണ് ഇത്തവണ കാലാവർഷം എത്തുന്നത്. എന്നാൽ അതിന് മുമ്പെത്തിയ രണ്ട് ചുഴലികൾ കേരളത്തെ മഴയാൽ സമ്പന്നമാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഏറ്റവുംകൂടുതൽ മഴപെയ്തത് പത്തനംതിട്ട ജില്ലയിലാണ് - 536.9 മില്ലിമീറ്റർ. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോട്ടയം (477.2), എറണാകുളം (469.9) ജില്ലകളാണ്. ഏറ്റവുംകുറവ് മഴ വയനാട് (208.4), കാസർകോട് (210.3) ജില്ലകളിലാണു ലഭിച്ചത്. ഈ മാസം ഒന്നുമുതൽ 31 വരെ ലഭിക്കേണ്ട ശരാശരി മഴ 223.7 മില്ലിമീറ്റർ മാത്രമാണെന്നിരിക്കെ ഇതുവരെ 548.3 മില്ലിമീറ്റർ മഴ ലഭിച്ചുകഴിഞ്ഞു. അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ മഴ പെയ്യുന്നത് പതിവായിട്ടുണ്ട്.മുൻപ് ഇത്തരത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്, ഗൾഫ്, പാക്കിസ്ഥാൻ തുടങ്ങിയ മേഖലകളെയാണു കൂടുതൽ ബാധിച്ചിരുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുന്നതുസാധാരണമാണ്. അടുത്തകാലത്തായി അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നതും കേരളത്തിൽ മഴ കൂടുതൽ ലഭിക്കുന്നതിനു കാരണമാകുന്നു. 13-16 വരെ നാലുദിവസമാണ് ടൗട്ടെയുടെ സ്വാധീനമുണ്ടായത്. ഇതിലൂടെ 268 മില്ലിമീറ്റർ മഴ ലഭിച്ചു. യാസ് സ്വാധീനമുണ്ടായത് 25, 26 തീയതികളിലാണ്. രണ്ടുദിവസത്തിൽ പെയ്തത് 94.9 മില്ലിമീറ്റർ മഴ. ടൗട്ടെ മൂലം എറണാകുളം ജില്ലയിലാണു ( 323.8 മില്ലീമീറ്റർ) കൂടുതൽ മഴ ലഭിച്ചത്. യാസിന്റെ വരവിൽ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ട ( 205.6) ജില്ലയിലും.