നിയുമവസാനിക്കാത്ത ദുരിതങ്ങളും സമ്മാനിച്ച് വേഷപകർച്ച നടത്തി കളിക്കുകയാണ് കൊറോണയെന്ന കുഞ്ഞൻ വൈറസ്. നേപ്പാളിൽ വെച്ച് ജനിതകമാറ്റം സംഭവിച്ചതെന്ന് കരുതപ്പെടുന്ന ഒരു പുതിയ ഇനം കൊറോണ വൈറസ് യൂറോപ്പിലാകെ വ്യാപിക്കുന്നതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ പുതിയ വകഭേദത്തിന് നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഈ വകഭേദത്തേ കുറിച്ച് അമിതമായ ഉത്ക്കണ്ഠ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി പറയുന്നത്.

കൂടെക്കൂടെ ജനിതകമാറ്റം സംഭവിക്കുന്ന ഒരു വൈറസാണ് കൊറോണ. അതിന്റെ നൂറുകണക്കിന് വകഭേദങ്ങളിൽ ഒന്നുമാത്രമാണിതെന്നും അവർ വ്യക്തമാക്കി. അതേസമയം, ഈ പുതിയ ഇനം വൈറസിന്റെ കണ്ടെത്തൽ വിദേശയാത്രകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്ന ആശങ്കയും വർദ്ധിപ്പിച്ചിട്ടുണ്ട്. സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റ് ഇന്ന് പുനപരിശോധിക്കാനിരിക്കവേയാണ് ഈ പുതിയ ഇനത്തെ കണ്ടെത്തുന്നത്.

നേപ്പാൾ വകഭേദം കണ്ടെത്തിയതിനാൽ ഒരുപക്ഷെ പോർച്ചുഗലിനെ ഇന്ന് ഗ്രീൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുള്ളതായി അറിയുന്നു. മാത്രമല്ല, യൂറോപ്പ്യൻ യാത്രകൾക്ക് ഓഗസ്റ്റ് വരെ കടുത്ത നിയന്ത്രണങ്ങൾ വരുവാനും സാധ്യതയുണ്ട്. കടുത്ത പ്രതിസന്ധിയിൽ ഉഴലുമ്പോൾ പ്രത്യാശയുടെ പിടിവള്ളികിട്ടിയ ട്രാവൽ മേഖലയ്ക്കാണ് ഈ പുതിയ ഇനത്തിന്റെ കണ്ടുപിടിത്തം കടുത്ത ആഘാതം ഏല്പിച്ചിരിക്കുന്നത്. ഈ വേനൽക്കാലത്തുകൂടി യാത്രാ നിയന്ത്രണങ്ങൾ തുടർന്നാൽ ഒരു മില്ല്യണിലധികം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

സ്പെയിനിന്റെ മിക്ക ഭാഗങ്ങളും ആമ്പർ സോണിൽ തുടരുമ്പോൾ, മാൾട്ട മാത്രമായിരിക്കും ഇന്ന് പുതിയതായി ഗ്രീൻ ലിസ്റ്റിൽ ചേർക്കാൻ പോകുന്ന ഒരേയൊരു യൂറോപ്യൻ രാജ്യം. വിദേശയാത്രകളെ കുറിച്ച് കൂടുതൽ കരുതലെടുക്കുന്നതിനാൽ ഗ്രീൻ ലിസ്റ്റിലും ആമ്പർ ലിസ്റ്റിലും കൂടുതൽ രാജ്യങ്ങളെ ഇന്ന് ചേർക്കുവാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണ്ണ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുന്നത് രണ്ടാഴ്‌ച്ചത്തേക്ക് നീട്ടിയേക്കും എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം, ഓരോ തവണ ഒരു പുതിയ വകഭേദത്തെ കണ്ടെത്തുമ്പോഴും ആശങ്കപ്പെടുന്നത് ശരിയല്ല എന്നാണ് സർക്കാർ ഉപദേശകർ പറയുന്നത്. അതിനുപകരം ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും ഗുരുതര രോഗാവസ്ഥ കൈകാര്യം ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഇവർ പറയുന്നത്. അതേസമയം, നേപ്പാളിൽ രോഗവ്യാപനതോത് ക്രമാതീതമായി വർദ്ധിച്ചതോടെ ആരോഗ്യ സംരക്ഷണ രംഗം താറുമാറായിരിക്കുന്നതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. മാർച്ച് മാസം പ്രതിദിനം 100 പുതിയ രോഗികൾ വരെ രേഖപ്പെടുത്തിയിരുന്നസ്ഥാനത്ത് മെയ്‌ പകുതിയായപ്പോഴേക്കും പ്രതിദിനം 9,000 രോഗികൾ എന്ന അവസ്ഥ വരെയെത്തി.

ഇന്ത്യയിൽ നിന്നുള്ള ബി. 1.167 എന്ന വകഭേദമാണ് നേപ്പാളിൽ രണ്ടാം തരംഗത്തിന് തീവ്രത വർദ്ധിപ്പിച്ചതെങ്കിലും നിലവിൽ ജനിതകമാറ്റം സംഭവിച്ച മറ്റൊരിനമാണ് വ്യാപകമാകുന്നത്. ഈ ഇനമാണ് ഇപ്പോൾ ബ്രിട്ടൻ ഉൾപ്പടെ പല യൂറോപ്യൻ രാജ്യങ്ങളിലും എത്തിയിരിക്കുന്നത്. ഇതോടെ, നിലവിൽ ഗ്രീൻ ലിസ്റ്റിലുള്ള പല രാജ്യങ്ങളേയും ആംബർ ലിസ്റ്റിലേക്കോ റെഡ് ലിസ്റ്റിലേക്കോ മാറ്റിയേക്കും എന്നുള്ള സൂചനകളും വരുന്നുണ്ട്.