ടക്കൻ ഇംഗ്ലണ്ടിലെ താഹിറ നഖ്വിക്ക് അവരുടേ ആദ്യ കുഞ്ഞിനെ പ്രസവസമയത്ത് നഷ്ടപ്പെട്ടത് തന്റെ ഇരുപത്തൊന്നാം വയസ്സിലായിരുന്നു. രണ്ടാം ഗർഭവും പാതിവഴിക്ക് ഇല്ലാതായതോടെ മാനസികമായി തകർന്നു പോയി അവർ. പിന്നീട് അവർക്ക് നാലുമക്കൾ ഉണ്ടായെങ്കിലും അവർ പൂർണ്ണ ആരോഗ്യവാന്മാരല്ല എന്ന സങ്കടവും നിലനിൽക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ബ്രിട്ടനിൽ കുടിയേറിയ പാക്കിസ്ഥാൻ വംശജരുടെ ഇടയിൽ കുട്ടികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചുവരികയാണ്.

ബ്രാഡ്ഫോർഡിൽ ഇത് സംബന്ധിച്ചു നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഇത്തരത്തിൽ ശൈശവ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ മൂന്നിൽ രണ്ടുപേർ ഏറ്റവും അടുത്ത ബന്ധുക്കളെ വിവാഹം കഴിച്ചവരാണെന്നാണ്. ഇവരുടേ ജനസംഖ്യ അധികമുള്ള യോർക്ക്ഷയറിലാണ് പ്രസവാനന്തര ശിശുമരണങ്ങളും ശൈശവ രോഗങ്ങളും അധികമായിരേഖപ്പെടുത്തപ്പെടുന്നത്. ബിർമ്മിങ്ഹാമിലും ശിശുമരണ നിരക്ക് ദേശീയ നിരക്കിന്റെ ഇരട്ടിയായപ്പോൾ അവിടെയും അതിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടു.

ദാരിദ്യവും പോഷകരാഹിത്യവും ശിശുമരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അഞ്ചിൽ ഒരു കുട്ടി വീതം മരിക്കുന്നത് ജനിതക തകരാറുകൾ മൂലമാണെന്ന് ഇവിടെ നടത്തിയ പഠനത്തിൽ തെളിഞ്ഞു. വളരെ അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കുന്നതാണ് കുട്ടികളിൽ ജനിതക തകരാറ് വരാൻ കാരണമെന്നാണ് ജനിതക ശാസ്ത്രജ്ഞർ പറയുന്നത്. ഏഷ്യൻ വംശജർക്കിടയിൽ, പ്രത്യേകിച്ച് പാക്കിസ്ഥാനികൾക്കിടയിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ കൂടുതലാണ്.

മാതാവിന്റെ സഹോദര പുത്രിയെ അല്ലെങ്കിൽ പിതാവിന്റെ സഹോദരീ പുത്രിയെ വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനിൽ സാധാരണമാണ്. ഇത്രയും അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹബന്ധം അവർക്ക് ജനിക്കുന്ന കുട്ടികളിൽ ജനിതക തകരാറുകൾക്ക് സാധ്യത വർദ്ധിപ്പിക്കും. വെള്ളക്കാരായ കുട്ടികളിൽ 295 പേരിൽ ഒരാൾക്ക് ശിശുരോഗങ്ങൾ കാണപ്പെടുമ്പോൾ ഏഷ്യൻ വംശജരിൽ ഇത് 188-ൽ ഒരാൾക്ക് എന്ന നിരക്കിലാണ് കാണപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിരോധിക്കുക മാത്രമാണ് എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പറയുന്നത്.

ഇതിനായി ശബ്ദമുയർത്തുന്ന, വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മുഖ്യ ക്രൗൺ പ്രോസിക്യുട്ടർ കൂടിയായ നസീർ അഫ്സൽ പറയുന്നത് ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ പ്രാഥമിക കടമ പൗരന്മാരുടെ ആരോഗ്യം കാത്തുരക്ഷിക്കുക എന്നതാണ് എന്നാണ്. അതുകൊണ്ടു തന്നെ സഹോദരങ്ങൾ തമ്മിലുള്ള വിവാഹം എന്നതുപോലെ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹവും നിരോധിക്കേണ്ട കാര്യം സർക്കാർ പരിഗണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

സംസ്‌കാരത്തോടും പൈത്രകത്തോടും ഉള്ള അമിത വൈകാരികത ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സമയത്ത് പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. സാധാരണയായി ജനിതക തകരാറ് സംഭവിക്കുക വ്യത്യസ്ത ജീനുകൾ മൂലമാണ്. ഇത്തരത്തിൽ തകരാറുള്ള ഒരു ജീനിനെ ഒരാൾക്ക് പാരമ്പര്യമായി ലഭിച്ചാൽ അയാളിലും തകരാറ് ഉണ്ടായേക്കും. അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ, മാതാവിൽ നിന്നും പിതാവിൽ നിന്നും ഇത്തരത്തിലുള്ള ജീനുകൾ കുട്ടിക്ക് ലഭിക്കാൻ ഇടയുണ്ട്. അതാണ് അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികളിൽ ജനിതക തകരാറുകൾ അധികമായി കാണപ്പെടുന്നത്.

സാധാരണഗതിയിൽ, ഒരേ തകരാറുള്ള ജീനുകൾ ദമ്പതികളിൽ കാണപ്പെടാനുള്ള സാധ്യത 100-ൽ ഒരാൾക്ക് മാത്രമാണ്. എന്നാൽ അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ ഇത് എട്ടിൽ ഒരാൾക്ക് എന്ന നിലയിലേക്ക് ഉയരും. എന്തെന്നാൽ, ഇരുവർക്കും ഒരേ പാരമ്പര്യമായതിനാൽ ഇത്തരത്തിലുള്ള ജീനുകൾ ലഭിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്. ഇത്രയും അപകട സാധ്യതയുണ്ടായിട്ടും പാക്കിസ്ഥാൻ വംശജരിൽ 55 ശതമാനം പേരും അടുത്ത ബന്ധുക്കളെയാണ് വിവാഹം കഴിക്കുന്നത് എന്നതും അതിശയകരമാണ്.

ഇതിന്റെ ഗൗരവം മനസ്സിലാക്കുവാൻ ചെറിയ ഒരു കണക്കുമതി. ബ്രിട്ടനിലെ ശിശു ജനങ്ങളിൽ 3 ശതമാനം മാത്രമാണ് പാക്കിസ്ഥാൻ വംശജരായിട്ടുള്ള ദമ്പതിമാരുടെ കുഞ്ഞുങ്ങളുടേത്. എന്നാൽ, ജനിതക തകരാറുള്ള കുട്ടികളീൽ 33 ശതമാനം വരെ പാക്കിസ്ഥാൻ വംശജരുടെ കുട്ടികളാണ്. കുടുംബ സ്വത്ത് വഴിമാറി പോകാതിരിക്കുവാനാണ് പലരും അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. കുടുംബ പാരമ്പര്യം മുതലായ യാഥാസ്ഥിതിക ചിന്തകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.