അടൂർ: അച്ഛനു പിന്നാലെ രണ്ട് മക്കളും കോവിഡിനു കീഴടങ്ങിയതോടെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് നഷ്ടമായത് മൂന്ന് പേർ. അടൂർ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും റിട്ട. ജില്ലാ രജിസ്റ്റ്രാറുമായിരുന്ന കരുവാറ്റ പ്ലാവിളത്തറയിൽ പാറവിള പുത്തൻ വീട്ടിൽ എസ്.കെ.ജോൺസൺ (72), മക്കളായ പ്രമോദ് ജോൺസൺ (41), പ്രദീപ് ജോൺസൺ (37) എന്നിവരാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.

പിതാവായ ജോൺസണ് ആണ് ആദ്യം കോവിഡ് ബാധിച്ചതും മരിച്ചതും. മെയ്‌ ഏഴിന് കോവിഡ് പോസിറ്റീവായ ജോൺസൺ ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17ന് ആണ് മരിച്ചത്. മെയ്‌ 10ന് കോവിഡ് പോസിറ്റീവായ പ്രമോദ് 29ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രദീപ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. പ്രമോദും പ്രദീപും അവിവാഹിതരാണ്. ജോൺസൺന്റെ ഭാര്യ: പരേതയായ ഓമന ജോൺസൺ ( അടൂർ മുൻ നഗരസഭാ കൗൺസിലർ ). മകൾ: പ്രിയ ജോൺസൺ (ക്ലാർക്ക്, അഡീഷനൽ ജില്ലാ കോടതി, പത്തനംതിട്ട). മരുമകൻ: അജിത്ത് (വില്ലേജ് ഓഫിസർ, മലയാലപ്പുഴ)