സതാംപ്ടൺ: നാലു മാസം നീളുന്ന പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ പറന്നിറങ്ങിയത്. മുംബൈയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ഒന്നിച്ചാണ് ഇംഗ്ലണ്ടിൽ വന്നിറങ്ങിയത്. കുടുംബാംഗങ്ങൾ സഹിതമാണ് താരങ്ങൾ എത്തിയത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു വേദിയാകുന്ന സതാംപ്ടണിലെത്തിയ താരങ്ങൾ, ക്വാറന്റീനിൽ പ്രവേശിച്ചു. ഏതാനും ദിവസത്തെ ഐസലേഷനു ശേഷം മാത്രമേ താരങ്ങൾക്ക് പരിശീലനത്തിന് ഇറങ്ങാനാകൂ. ഇന്ത്യൻ താരം വൃദ്ധിമാൻ സാഹ സതാംപ്ടണിൽ ഫൈനലിനു വേദിയാകുന്ന ഏജീസ് ബൗൾ സ്റ്റേഡിയത്തിന്റെ താമസിക്കുന്ന ഹോട്ടലിൽനിന്നു പകർത്തിയ ദൃശ്യം പങ്കുവച്ചു. വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം ഇന്ത്യൻ താരം കെ.എൽ. രാഹുലും പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by jasprit bumrah (@jaspritb1)

ഈ മാസം 18 മുതലാണ് ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടം. അതിനുശേഷം ഓഗസ്റ്റ് ആദ്യ വാരം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകും. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ വനിതാ ടീമും ഒരു ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. ജൂൺ 16 മുതലാണ് ടെസ്റ്റ് മത്സരം നടക്കുക. അതിനുശേഷം ജൂൺ 27 മുതൽ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പരയും ജൂലൈ ഒൻപതു മുതൽ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയും അരങ്ങേറും.

സൗതാംപ്ടണിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്ന കാലയളവിൽ താരങ്ങളെ സ്ഥിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഓരോ തവണയും പരിശോധനകളിൽ ഫലം നെഗറ്റീവ് ആകുന്നതിന് അനുസരിച്ച് പതുക്കെ പരിശീലനത്തിലേക്ക് കടക്കാൻ അനുമതി നൽകും. തുടക്കത്തിൽ താരങ്ങൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് റൂമിൽ വ്യായാമം ചെയ്യും. പിന്നീട് ചെറിയ സംഘങ്ങളായും ഘട്ടംഘട്ടമായി ഒന്നിച്ചും പരിശീലനം അനുവദിക്കും.