ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോൽവി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഖത്തറിനായിരുന്നു ആധിപത്യം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഖത്തർ നിരയിക്കെതിരേ സമനില പിടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ അടിയറവ് പറയുകയായിരുന്നു .അബ്ദുൾഅസീസും മുഹമ്മദ് മുണ്ടാരിയും യൂസഫ് അബ്ദുറിസാഗും അടങ്ങിയ സഖ്യം ഇന്ത്യൻ പ്രതിരോധത്തെ സ്ഥിരമായി പരീക്ഷിച്ചു.

33-ാം മിനിറ്റിൽ അബ്ദുൾഅസീസ് ഹതേമാണ് ഖത്തറിന്റെ ഗോൾ നേടിയത്. ബോക്സിൽവെച്ച് പന്ത് ലഭിച്ച അബ്ദുൾഅസീസിനെ തടയാൻ ബോക്സിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ ഡിഫൻഡർമാർക്കും സാധിച്ചില്ല. താരത്തിന്റെ ക്ലോസ്റേഞ്ച് ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു. മത്സരത്തിലുടനീളം 35-ലേറെ ഷോട്ടുകളാണ് ഖത്തർ ഇന്ത്യൻ പോസ്റ്റിലേക്ക് പായിച്ചത്. ഇതിൽ തന്നെ ഖത്തറിന്റെ ഗോളെന്നുറച്ച പത്തോളം ഷോട്ടുകൾ ഗുർപ്രീത് രക്ഷപ്പെടുത്തി.

ഇതിനിടെ 17-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് രാഹുൽ ബേക്കേ പുറത്തായതോടെ ശേഷിച്ച സമയം മുഴുവൻ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഒമ്പതാം മിനിറ്റിൽ ഖത്തർ താരത്തെ തള്ളിയതിന് ആദ്യ മഞ്ഞക്കാർഡ് കണ്ട രാഹുലിന് 17-ാം മിനിറ്റിൽ പന്ത് കൈയിൽ തട്ടിയതിന് രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും ലഭിക്കുകയായിരുന്നു. 44-ാം മിനിറ്റിൽ മൻവീർ സിങ് നടത്തിയ മുന്നേറ്റം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഖത്തറിനായിരുന്നു ആധിപത്യം. മത്സരത്തിലുടനീളം ഖത്തർ ആക്രമണ നിരയും ഇന്ത്യൻ പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇന്ത്യൻ പ്രതിരോധം തകർന്ന ഘട്ടത്തിലെല്ലാം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ സേവുകൾ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പത്ത് പേരായി ചുരുങ്ങിയതോടെ മത്സരത്തിലുടനീളം ഖത്തറിന്റെ ആക്രമണങ്ങൾ പ്രതിരോധിക്കുക മാത്രമായിരുന്നു ഇന്ത്യൻ നിര. മത്സരത്തിന്റെ സിംഹഭാഗവും പന്ത് ഇന്ത്യയുടെ ഹാഫിലായിരുന്നു.

പരിക്ക് മാറിയെത്തിയ നായകൻ സുനിൽ ഛേത്രിയെ ആദ്യ പകുതിയിൽ മാത്രമാണ് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കിയത്. ഛേത്രി നിറംമങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.