- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേപ്പാൾ വകഭേദം കണ്ടെത്തി; പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കി ബ്രിട്ടൻ; നാലു ദിവസത്തിനകം മടങ്ങിയില്ലെങ്കിൽ ഹോട്ടൽ ക്വാറന്റൈൻ; അവധിയാഘോഷിക്കാൻ പോയ ബ്രിട്ടീഷുകാർ കലിപ്പിൽ
ബ്രിട്ടീഷുകാർക്ക് ഏറെ പ്രിയപ്പെട്ട ഹോളിഡേ സ്പോട്ടുകളിൽ ഒന്നാണ് പോർച്ചുഗൽ. അതുകൊണ്ടു തന്നെയാണ് പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ ഉയർത്തിയപ്പോൾ ഏറെപ്പേർ സന്തോഷിച്ചത്. എന്നാൽ ആ സന്തോഷത്തിന് അല്പായുസ്സാണെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. നേപ്പാൾ ഇനം കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ബ്രിട്ടൻ. അതായത് പോർച്ചുഗൽ സന്ദർശിച്ച് തിരികെ എത്തുന്നവർ ക്വാറന്റൈന് വിധേയരാകണം എന്നർത്ഥം.
പോർച്ചുഗലിൽ ഒഴിവുകാലം ആസ്വദിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ പുതിയ തീരുമാനം. വരുന്ന ചൊവ്വാഴ്‌ച്ച പോർച്ചുഗലിനെ ആമ്പർ ലിസ്റ്റിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതോടെ ഇവിടെനിന്നും തിരികെയെത്തുന്നവർ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. ഇതിനു മുൻപായി തിരികെ ബ്രിട്ടനിലെത്താനുള്ള വെപ്രാളത്തിലാണ് വിനോദ സഞ്ചാരികൾ. അതേസമയം, ബ്രിട്ടന്റെ ഈ നടപടിയെ അപലപിച്ച് പോർച്ചുഗൽ പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്.
അതുപോലെ പോർച്ചുഗലിലേക്ക് വരും നാളുകളിൽ യാത്രപോകാൻ ഒരുങ്ങിയിരിക്കുന്നവരും ആശങ്കയിലായിരിക്കുകയാണ്. നേരത്തേ നിശ്ചയിച്ചതുപോലെ പോർച്ചുഗലിലേക്ക് യാത്രതിരിച്ചാൽ, മടങ്ങിയെത്തിയാൽ 10 ദിവസത്തെ കർശനമായ ക്വാറന്റൈൻ പാലിച്ചിരിക്കണം. അതുകൊണ്ടു തന്നെ പലരും യാത്രാ തീയതി നീട്ടുവാനുള്ള ശ്രമത്തിലാണ്. വേനലിന്റെ അവസാനമാകുമ്പോഴേക്കും പോർച്ചുഗൽ ഗ്രീൻ ലിസ്റ്റിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ യാത്രാ തീയതി നീട്ടുന്നത്.
ബ്രിട്ടന്റെ ഈ തീരുമാനം പോർച്ചുഗീസുകാർക്കിടയിലും എതിർപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. തങ്ങൾ ഇപ്പോൾ ജീവിക്കുന്നത് വാക്സിനു മുൻപുള്ള ലോകത്തല്ലെന്ന് ബ്രിട്ടൻ മറന്നു പോകുന്നു എന്നാണ് പോച്ചുഗീസ് പ്രസിഡന്റ് ബ്രിട്ടന്റെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. പ്രധാനമായും ബ്രിട്ടനിൽ നിന്നുള്ള സന്ദർശകരെ ആശ്രയിക്കുന്ന പോർച്ചുഗീസ് വിനോദ സഞ്ചാരമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ പുതിയ തീരുമാനം.
നിലവിൽ പത്തുലക്ഷം പേരിൽ 53.63 രോഗികൾ എന്നതാണ് പോർച്ചുഗലിന്റെ രോഗവ്യാപന നിരക്ക് ബ്രിട്ടന്റേത് 51.41 എന്നതാണ്. അതായത് ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല എന്നർത്ഥം. മാത്രമല്ല പോർച്ചുഗീസിലെ പ്രായപൂർത്തിയായവരിൽ 45 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, രാജ്യത്തെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനു ശേഷം പോർച്ചുഗലിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരട്ടിയായി എന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറിഗ്രാന്റ് ഷാപ്സ് പറഞ്ഞത്.
രോഗവ്യാപന നിരക്ക് ഇരട്ടിയായതും അതോടൊപ്പം കൂടുതൽ മാരകമായ നേപ്പാൾ വകഭേദത്തെ കണ്ടെത്തിയതുമാണ് ഇപ്പോൾ പോർച്ചുഗീസിനെ ആമ്പർ ലിസ്റ്റിലേക്ക് മാറ്റാൻ കാരണമായത്. ജൂൺ 21 ന് സമ്പൂർണ്ണ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാലാണ് പോർച്ചുഗീസിനെ ആമ്പർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.