2018-ൽ മധുവിധു ആഘോഷിക്കുവാനായി എത്തിയതായിരുന്നു കനേഡിയൻ പൗരനായ ജെരാൾഡ് കോട്ടൺ ഇന്ത്യയിൽ. ക്വാഡ്രിഗ സി എക്സ് എന്ന ക്രിപ്റ്റോകറൻസി ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ സ്ഥപകൻ കൂടിയാണ് ഇയാൾ. ലക്ഷക്കണക്കിന് തുക സ്വന്തം ആഡംബര ജീവിതത്തിനുവേണ്ടി ധൂർത്തടിച്ച ഇയാൾ ആ യാത്രയിൽ ഇന്ത്യയിൽ വെച്ച് മരണപ്പെട്ടത് നിരാശയിലാഴ്‌ത്തിയത് നിരവധിപേരെയായിരുന്നു. ഇയാളുടെ ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കപ്പെട്ടിരുന്നത് 137 മില്ല്യൺ ഡോളറായിരുന്നു. ഇത് ലോക്ക് ചെയ്തശേഷമാണ് ഇയാൾ മരണമടഞ്ഞത് എന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുവാൻ കാരണം.

ഇയാളുടെ മരണം കമ്പനി മൂടിവച്ചത് ഏകദേശം ഒരു മാസത്തോളമായിരുന്നു. അതിനുശേഷമായിരുന്നു മരണവിവരം പ്രസിദ്ധപ്പെടുത്തിയത്. അതിനു മുൻപായി കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു. മരണമടഞ്ഞ തന്റെ ഭർത്താവിനു മാത്രമാണ് നിക്ഷേപകർ നിക്ഷേപിച്ച ഫണ്ട് ഉപയോഗിക്കാൻ സഹായിക്കുന്ന പാസ്സ്വേർഡ് അറിയാവുന്നത് എന്നായിരുന്നു ഇയാളുടെ ഭാര്യ ജെന്നിഫർ റോബർട്ട്സൺ പറഞ്ഞത്. ഇതാണ് കോട്ടന്റെ മരണത്തിൽ സംശയങ്ങൾ ഉയർത്തിയത്. ഇയാൾ മരണവാർത്ത കൃത്രിമമായി കെട്ടിച്ചമയ്ക്കുകയായിരുന്നു എന്നും ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുമാണ് സംശയിക്കുന്നത്.

ജെരാൾഡ് കോട്ടൺ മരിക്കുന്ന സമയത്ത് അയാളുടെ കമ്പനിയായ ക്വാഡ്രിഗ സി എക്സിൽ ഏകദേശം 76,000 നിക്ഷേപകരാണ് ഉണ്ടായിരുന്നത്. ഇവരിൽ നിന്നായി 137 മില്ല്യൺ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിരുന്നു. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുവാനായി ആദ്യമാദ്യം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭവിഹിതം നൽകുന്നതുപോലുള്ള ഒരു പദ്ധിയതി ഇയാൾ നടപ്പിലാക്കിയിരുന്നു. ഇതാണ് ഇയാളുടെ കമ്പനി തകരാൻ കാരണമെന്നാണ് കാനഡയിലെ സെക്യുരിറ്റി റെഗുലേറ്റർ പറയുന്നത്. ഏതായാലും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും എഫ് ബി ഐയും കോട്ടന്റെ കമ്പനിയെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കണ്ടെത്തിയത് ഇയാളുടെ പങ്കാളിയായ മൈക്കൽ പാർട്ടിൻ ഒരു വൈറ്റ്കോളർ ക്രിമിനലാണെന്നാണ്. ഒമർ ധനാനി എന്നാണ് ഇയാളുടെ പേര്. ഇതിനുമുൻപ് രണ്ടു പ്രാവശ്യം ഇയാൾ പേര് മാറ്റിയിട്ടുണ്ട് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ 2005-ൽ കൃത്രിമ രേഖകൾ ചമച്ചതിന് ഇയാൾ അമേരിക്കയിൽ 18 മാസത്തെ തടവുശിക്ഷക്ക് വിധേയനായിട്ടുണ്ട്. അതിനുശേഷമാണ് ഇയാൾ കാനഡയിലേക്ക് തന്റെ പ്രവർത്തനരംഗം മാറ്റുന്നത്. അതേസമയം, തനിക്ക് കോട്ടന്റെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്നും താൻ 2016-ൽ ക്വാഡ്രിഗ വിട്ടു എന്നുമാണ് ഇയാൾ പറയുന്നത്.

2018-ൽ ക്രോൺസ് രോഗത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകൾ മൂലം ഇന്ത്യയിൽ വച്ചാണ് ഇയാൾ മരണമടയുന്നത്. അതിനു മുൻപായി ഇയാളുടെ 9 മില്ല്യൺ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങൾ, ഒരു സെസ്ന വിമാനം, ഒരു ആഡംബര നൗക എന്നിവ ഇയാളുടെ ഭാര്യയുടെ പേർക്ക് വിൽപ്പത്രം എഴുതിയിരുന്നു. മാത്രമല്ല, ഇന്ത്യൻ അധികൃതർ നൽകിയ മരണ സർട്ടിഫിക്കറ്റിൽ ഇയാളുടെ പേര് അക്ഷരത്തെറ്റുകളോടെയാണ് എഴുതിയിരുന്നത്.