പൂച്ചാക്കൽ: അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി മകളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് തടയാൻ ഗേറ്റ് പൂട്ടി താക്കോലെടുത്ത് മകൻ. മൃതദേഹം കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പൂട്ട് മുറിച്ചുമാറ്റിയാണ് കുടുംബവീടിനു സമീപത്തെ മകളുടെ വീട്ടിൽ അമ്മയുടെ സംസ്‌കാരം നടത്താൻ വഴിയൊരുക്കി നൽകിയത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിലാണ് സംഭവം.

സ്വത്ത് തർക്കത്തിന്റെ പേരിലാണ് മകൻ അമ്മയുടെ മൃതദേഹം വീട്ടു മുറ്റത്ത് കൂടി കൊണ്ടു പോകുന്നത് തടഞ്ഞത്. ബുധനാഴ്ച രാത്രിയാണ് കോവിഡ് ബാധിച്ച് ഇവരുടെ അമ്മ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച അമ്മയുടെ മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. മകളുടെ വീട്ടിലേക്ക് ഇതിലെ മാത്രമേ വഴിയുള്ളു. എന്നാൽ സ്വത്തു തർക്കമുള്ളതിനാൽ നൊന്തു പെറ്റ അമ്മയുടെ മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകൻ തടയുകയായിരുന്നു.

വ്യാഴഴ്ച ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡി. കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്. കുടുംബവീട്ടിലൂടെ മൃതദേഹവുമായെത്തിയപ്പോൾ, ഇതിലെ കൊണ്ടുപോകാൻ പറ്റില്ലെന്ന് അറിയിച്ച് മകൻ ഗേറ്റ് താഴിട്ടുപൂട്ടി. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറക്കാതെ വന്നതോടെ പൊലീസിൽ വിവരം അറിയിച്ചു. ചേർത്തലയിൽനിന്നു പൊലീസ് എത്തി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൻ തുറന്നില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഗേറ്റിന്റെ പൂട്ടു മുറിച്ച് മൃതദേഹം മകളുടെ വീട്ടുവളപ്പിലെത്തിച്ചു സംസ്‌കരിച്ചു.