- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ജീവൻ പണയം വച്ചു ചന്ദൻ സംസ്കരിച്ചത് 1300 കോവിഡ് രോഗികളെ; ഒടുവിൽ കൊറോണക്ക് കീഴടങ്ങി വൃദ്ധൻ; ഇന്ത്യയിലെ യഥാർത്ഥ മരണം 16 ലക്ഷമോ ? പാശ്ചാത്യ മാധ്യമങ്ങളിൽ ഇന്ത്യാ വിരുദ്ധ വാർത്ത തുടരുന്നു
കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെ പോലും ഭയത്തോടെ കാണുന്ന കാലത്ത് 1300 ഓളം കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ച്, കോവിഡ് യോദ്ധാവ് എന്ന വിളിപ്പേരുനേടിയ ഇന്ത്യാക്കാരന്റെ മരണം വിദേശമാധ്യമങ്ങളിൽ ഇന്ന് തലക്കെട്ടായി. സ്വന്തം ജീവൻ പോലും പണയം വച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കാനിറങ്ങിയ ചന്ദൻ നിംജെ എന്ന 67 കാരനെ നാഗ്പൂർ മേയർ പോലും അഭിനന്ദിച്ചിരുന്നു. അവസാനം ചന്ദന് രോഗം ബാധിച്ചപ്പോൾ ചികിത്സ ലഭിക്കാതെ, എന്തിനധികം, ആശുപത്രിയിൽ ഒരു കിടക്ക പോലും ലഭിക്കാതെയാണ് അയാൾ മരണമടഞ്ഞത് എന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
മരണമടഞ്ഞവരുടെ ബന്ധുക്കളും സുഹൃത്തുക്കലൂം കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹത്തിന് അടുത്തുപോലും പോകാൻ ഭയന്നപ്പോൾ തീർത്തും ഭയരഹിതനായി ഒരു കൂട്ടം വോളന്റിയർമാർക്കൊപ്പം മൃതദേഹം സംസ്‌കരിക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ചന്ദൻ. ഒരു വർഷത്തോളം തന്റെ കർമ്മപഥത്തിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചതിനു ശേഷമാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്.
സർക്കാർ ആശുപത്രിയിൽ ഇടം നേടാനാകാതെ വന്നപ്പോൾ, അന്നുവരെയുള്ള സമ്പാദ്യമെല്ലാം ഉപയോഗിച്ച് ബന്ധുക്കൾ ഒരു സ്വകാര്യ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഒരു പ്രമുഖ മാധ്യമം എഴുതുന്നു. രോഗബാധയാൽ, ഇയാളുടെ മക്കൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ചന്ദന് രോഗബാധയുണ്ടേന്നറിഞ്ഞപ്പോൾ ധനസഹായത്തിനായി പലരേയും സമീപിച്ചെന്ന് ഇയാൾക്കൊപ്പം പ്രവർത്തിച്ച സന്നദ്ധസേവകർ അറിയിച്ചു. എന്നാൽ ഒരിടത്തുനിന്നും സഹായം ലഭിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ, ജില്ലാ കളക്ടർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും സഹായിക്കാൻ ഒരുങ്ങിയില്ലെന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്രയേറെ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടും രോഗബാധയേൽക്കാത്ത ഇയാൾക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കാൻ പോയപ്പോഴാണ് രോഗബാധയുണ്ടായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.തുടർന്ന് കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾക്കും കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇത്രയധികം അറിയപ്പെടുന്ന ഒരു സന്നദ്ധസേവകന് ആവശ്യമായ സമയത്ത് സഹായം എത്തിക്കാൻ അധികാരികൾക്ക് സാധിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് എന്ത് സഹായമാണ് ലഭിക്കുക എന്നാണ് ഒരു ബ്രിട്ടീഷ് മാധ്യമം ചോദിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരിൽ പലരേയും നേരാംവണ്ണം സംസ്‌കരിച്ചിട്ടില്ലെന്നും, മൃതദേഹാവശിഷ്ടങ്ങൾ നായ്ക്കളും മറ്റും കടിച്ചുവലിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടെന്നും ഈ മാധ്യമം എഴുതുന്നു.
മറുനാടന് മലയാളി ബ്യൂറോ