- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ ബ്രിട്ടനിലെ ജീവിതം വേണ്ടെന്നു വച്ചു; മലേറിയയേയും ഡെംഗുവിനേയും കൊറോണയേയും തോൽപ്പിച്ചെങ്കിലും രാജസ്ഥാനിലെ രാജവെമ്പാലയുടെ കടിയിൽ വീണു; ഒരു വെള്ളക്കാരന്റെ സ്നേഹ ജീവിതം
നിയോഗം, അല്ലെങ്കിൽ വിധി അതുമല്ലെങ്കിൽ ഈശ്വരനെന്ന അദൃശ്യ ശക്തി, ഓരോരുത്തരുടേയും വിശ്വാസമനുസരിച്ച് വിവിധ പേരുകളിൽ അറിയപ്പെടുന്ന പ്രപഞ്ചത്തിന്റെ കാവ്യനീതി പലപ്പോഴും തികച്ചും വൈരുദ്ധ്യമുള്ളതായി തോന്നാറുണ്ട്. അത്തരത്തിലൊരു വിരോധാഭാസമാണ് ഇയാൻ ജോൺസ് എന്ന ബ്രിട്ടീഷുകാരന്റെ ജീവിതത്തിലും സംഭവിച്ചത്.
ബ്രിട്ടനിലെ സാമാന്യം നല്ല വരുമാനമുള്ള വ്യാപാരിയാണ് ഇയാൻ ജോൺസ്. എന്നാൽ, അദ്ദേഹത്തിന് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടാൽ അലിയുന്ന ഒരു മനസ്സുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തെ ഇന്ത്യയിലെ ദരിദ്രരുടെ ഇടയിലേക്ക് നയിച്ചത്. സംഭാവനകൾ പിരിച്ചും, ദുരിതകഥകൾ പ്രചരിപ്പിച്ച് സഹതാപം നേടിയും പണം സ്വരൂപിച്ച് ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്താൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. തീർത്തും വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു അല്ലെങ്കിലും എന്നും ഇയാൻ സഞ്ചരിച്ചിരുന്നത്.
വ്യാപാരത്തിൽ തനിക്കുള്ള നൈപുണ്യം ഉപയോഗിച്ച് കുറച്ചുപേരുടെ പട്ടിണി മാറ്റാം എന്നായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ഇതിനായി അദ്ദേഹം കണ്ടുപിടിച്ചത് രാജസ്ഥാനിലെ പരമ്പരാഗത കരകൗശല വിദഗ്ദരേയായിരുന്നു. കഴിവുകൾ ഏറെയുണ്ടായിട്ടും പാടെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന അവർക്ക് എന്നും കൂട്ട് പട്ടിണിയും പരിവട്ടവുമായിരുന്നു. സർക്കാർ തലത്തിലും കാര്യമായ സഹായങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അവരെ കുറിച്ചറിഞ്ഞപ്പോൾ അവരെ സഹായിക്കണമെന്ന് ഇയാൻ ജോൺസ് തീരുമാനിച്ചത്.
തന്റെ ഔദാര്യം പറ്റി ജീവിക്കേണ്ട ഗതികേട് ആ കഴിവുറ്റ കലാകാരന്മാർക്ക് ഉണ്ടാകരുതെന്നത് ഇയാന് നിർബന്ധമായിരുന്നു. മാത്രമല്ല, കഠിനാദ്ധ്വാനികളും കഴിവുറ്റവരുമായ അവർ ഒരു വഴികാണിച്ചുകൊടുത്താൽ സ്വന്തം ജീവിതം സ്വയമേവ കെട്ടിപ്പടുക്കുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. തന്റെ സബിറിയൻ എന്ന സ്ഥാപനത്തെ ഇതിനായി അദ്ദേഹം ഉപയോഗിച്ചു. രാജസ്ഥാനിലെ പാരമ്പര്യ കരകൗശല വിദഗ്ദരിൽനിന്നും അവരുടെ ഉദ്പന്നങ്ങൾ നേരിട്ടു വാങ്ങി ബ്രിട്ടനിൽ അവ വിൽക്കുക എന്നതായിരുന്നു അദ്ദേഹം അവരെ രക്ഷിക്കുന്നതിനായി കണ്ടെത്തിയ മാർഗ്ഗം.
വ്യാപാരനൈപുണ്യം ഏറെയുണ്ടായിരുന്ന ഇയാന്റെ മാർക്കറ്റിങ് നയങ്ങൾ പിഴച്ചില്ല. രാജസ്ഥാനിലെ ഗ്രാമീണോദ്പന്നങ്ങൾക്ക് ബ്രിട്ടനിൽ സാമാന്യം ഭേദപ്പെട്ട ഒരു വിപണി കണ്ടെത്താൻ അദ്ദേഹത്തിനായി. അതോടെ വലിയൊരു വിഭാഗം കലാകാരന്മാരും അവരുടെ കുടുംബങ്ങളും പട്ടിണിയിൽ നിന്നും കരകയറുകയും ചെയ്തു. ഇവിടെയാണ് വിധിയുടെ ക്രൂരമായ വികൃതി നടക്കുന്നത്.
തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടെക്കൂടെ ഇന്ത്യസന്ദർശിക്കാറുള്ള ഇയാൻ ജോൺ ഇത്തവണയും ഇവിടെയെത്തി. എന്നാൽ ഇത്തവണ ഇന്ത്യ അദ്ദേഹത്തിനു നൽകിയത് ദുരിതങ്ങൾ മാത്രമായിരുന്നു. ആദ്യം മലേറിയ ബാധിച്ചു. അതിനെ ചെറുത്തു തോൽപിച്ച ഈ പോരാളിയെ കീഴടക്കാൻ പിന്നീട് എത്തിയത് ഡെങ്കുവായിരുന്നു. അതുകൊണ്ടും കീഴടങ്ങാത്ത ഇയാന്റെ അടുത്തേക്ക് പിന്നീട് വിധി അയച്ചത് സാക്ഷാൽ കൊറോണയേയായിരുന്നു. അവിടെയും വിധി പരാജയപ്പെടുകയായിരുന്നു. എങ്കിലും ഈ തുടർച്ചയായ രോഗബാധ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
രോഗങ്ങളെ ചെറുത്തു തോൽപിച്ച ആത്മവിശ്വാസത്തിൽ തന്റെ കർമ്മപഥത്തിലൂടെ നീങ്ങുമ്പോഴായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിൽ വച്ച് ഒരു രാജവെമ്പാലയുടെ കടിയേൽക്കുന്നത്. ഇത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽതളർത്തുകയായിരുന്നു.ഉടൻ തന്നെ ജോധ്പൂരിലെ ഒരു ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അപ്പോൾ അദ്ദേഹത്തിന് വീണ്ടും കോവിഡ് ബാധയുണ്ടായതായി സംശയം ഉയർന്നെങ്കിലും പരിശോധനയിൽ നെഗറ്റീവ് ആയത് ആശ്വാസമേകി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നെങ്കിലും പാമ്പ് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നതായി മെഡിപ്ലസ് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിഷേക് ടേറ്റർ പറയുന്നു. കാഴ്‌ച്ച മങ്ങുന്നതായിരുന്നു ആദ്യം പ്രകടമായ ലക്ഷണം. എങ്കിലും, ഗുരുതരാവസ്ഥ പിന്നിട്ടതിനാൽ ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ നിന്നും വിട്ടു.
പിന്നീട് ബ്രിട്ടനിലേക്ക് തിരിച്ച ഐൽ ഓഫ് വൈറ്റ് സ്വദേശിയായ ഇയാൻ ജോൺ ബ്രിട്ടനിലായിരുന്നു ചികിത്സ തേടിയത്. എന്നാൽ, ക്രമേണ അദ്ദേഹം പൂർണ്ണമായി അന്ധനായി മാറുകയായിരുന്നു. ദുരിതത്തിനു മേൽ ദുരിതമായി, തളർവാതം പിടിച്ച് അദ്ദേഹത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നു.
എന്നാൽ, ക്രമ്മനിരതനായ ഈ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഏറെനാൾ കിടക്കയിൽ കിടക്കേണ്ടതായി വരില്ലെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രത്യാശിക്കുന്നത്. ഏറെ വൈകാതെ അദ്ദേഹം സുഖപ്പെടുമെന്ന വിശ്വാസത്തിൽ ചികിത്സ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ