ദുബായ്: അൽ ഖൂസ് വ്യവസായ മേഖലയിലുണ്ടായ വൻ അഗ്‌നിബാധയിൽ മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ 11.09 നായിരുന്നു വെയർ ഹൗസുകളിൽ തീ പടർന്നത്. ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ രാസപദാർഥങ്ങൾ സൂക്ഷിച്ച വെയർഹൗസിൽ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയും എട്ടോളം വെയർഹൗസുകൾ കത്തി നശിക്കുകയും ആയിരുന്നു.

അടുത്തടുത്തായി ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയർ എന്ന വെയർഹൗസും കത്തിനശിച്ചവയിൽ പെടുന്നു. ന്റീരിയർ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയർ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്ലറുകൾ ചാമ്പലായി. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ വെയർഹൗസുകളിലേയ്ക്ക് വ്യാപിക്കുന്നത് ഒഴിവായി. ഇല്ലായിരുന്നെങ്കിൽ വൻ ദുരന്തമായി മാറിയേനെ. ഇവിടെ നിന്നുയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ വിവിധ വെയർഹൗസുകളിലായി ജോലി ചെയ്യുന്നു.

ആളിക്കത്തിയ തീയിൽ നിന്നും വിലപിടിപ്പുള്ള കാരവൻ പുറത്തെടുത്ത് അനീഷ് എന്ന മലയാളി യുവാവ് താരമായി. അഗ്‌നിക്കിരയായ തുർക്കിഷ് കമ്പനി ഓട്ടോസ്റ്റോം വെയർഹൗസിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാരവനുകളിലൊന്നാണ് അനീഷ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഈ കമ്പനിയിലെ സെയിൽസ് ആൻഡ് ഓപറേഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് അനീഷ്. മറ്റൊരെണ്ണം അഗ്‌നി പൂർണമായും വിഴുങ്ങിയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അനീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.