അമ്പലപ്പുഴ: പണം അയച്ച് ആൾക്ക് അക്കൗണ്ട് മാറിയപ്പോൾ ജ്യോതിമോൾക്ക് ലഭിച്ചത് ഒമ്പത് ലക്ഷം രൂപ. സംഭവം അറിഞ്ഞപ്പോൾ തന്നെ ഒട്ടും മടിക്കാതെ ആ തുക അവർക്ക് തിരികെനൽകിയിരിക്കുകയാ് ജ്യോതിമോൾ എന്ന കുട്ടനാട്ടുകാരി. യുവതിയുടെ സത്യസന്ധതയ്ക്ക് നന്ദി അറിയിച്ച് തുകയുടെ ഉടമ 9000 രൂപ സമ്മാനിക്കുകയും ചെയ്തു.

ദുരിതജീവിതത്തിൽ നിന്ന് കരകയറാൻ ഒരിക്കൽ ജ്യോതിക്ക് സഹായമേകിയവരാണ് ജ്യോതിയുടെ അക്കൗണ്ടിലേക്ക് പണം മാറി അയച്ചത്. അതുകൊണ്ട് തന്നെ അവരുടെ 9 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മാറി തന്റെ പേരിൽ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ ആ തുക അവർക്ക് തിരികെനൽകാനുള്ള വെപ്രാളമായിരുന്നു ജ്യോതിക്ക്. കരുമാടി അക്ഷരനിലയത്തിൽ ജ്യോതിമോളുടെ അക്കൗണ്ടിലാണ് കഴിഞ്ഞ ഏപ്രിൽ 28ന് തുക എത്തിയത്.

ജ്യോതിമോളും മക്കളായ അശ്വതിയും സുബിതയും കരുമാടി പാടശേഖരത്തിന്റെ ബണ്ടിലാണ് താമസിക്കുന്നത്. നിർമ്മാണം പാതിവഴിയിലായ വീടിനുള്ളിൽ കഴിയുന്ന ജ്യോതിമോളുടെയും മക്കളുടെയും ജീവിതം കഴിഞ്ഞ സെപ്റ്റംബർ 22ന് വാർത്തയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ദമ്പതികൾ ജ്യോതിമോൾക്ക് 10,000 രൂപ അയച്ചുകൊടുത്തിരുന്നു. ഇവരാണ് അക്കൗണ്ട് മാറി ജ്യോതിയുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം അയച്ചത്.

ചാലക്കുടിയിൽ ദമ്പതികളുടെ വീടു നിർമ്മാണത്തിന്റെ ആവശ്യത്തിനായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത തുകയാണ് ജ്യോതിമോളുടെ അക്കൗണ്ടിലേക്ക് മാറി വന്നത്. ചാലക്കുടി സ്വദേശി ജ്യോതിമോളെ വിളിച്ചു തുക മാറി അയച്ച കാര്യം അറിയിച്ചു. തുടർന്ന് ജ്യോതിമോൾ എസ്‌ബിഐ അമ്പലപ്പുഴ ശാഖയിലെത്തി തുക തിരികെ നൽകുകയായിരുന്നു.