- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച് എം ആർ സി ഉദ്യോഗസ്ഥരെന്ന് വ്യാജേന കാൾ സെന്ററിൽ നിന്നും വിളിച്ച് ബ്രിട്ടനിൽ താമസിക്കുന്നവരുടെ പണം തട്ടിച്ചു; ഡൽഹി പൊലീസ് പൊക്കിയത് 21 തട്ടിപ്പുകാരെ; ഇന്ത്യയിൽ ഇരുന്ന് ഇംഗ്ലീഷുകാരെ പറ്റിച്ച കഥ
ഡൽഹിയിലെ നരൈണയിൽ ഒരു വ്യാജ കോൾസെന്റർ പൊലീസ് പിടിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ കഥകളാണ്. രാജ്യ തലസ്ഥാനത്തെ നരൈണ വ്യവസായിക മേഖലയിൽ നടത്തുന്ന കോൾസെന്ററിലെ ജീവനക്കാരുടെ പ്രധാന ജോലി ഫോൺ സർവീസ് ഓവർ ഇന്റർനെറ്റ് (വി ഒ ഐ പി) സംവിധാനം ഉപയോഗിച്ച് ബ്രിട്ടനിൽ താമസിക്കുന്നവരെ വിളിക്കുക എന്നതായിരുന്നു. എച്ച് എം ആർ സി ഉദ്യോഗസ്ഥർ എന്ന വ്യാജേന വിളിച്ച് വരുമാന നികുതി റിട്ടേണുകൾ സമർപ്പിച്ചതിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് അറിയിക്കും.
തുടർന്ന് അവരുടെ വിവരങ്ങൾ ശേഖരിക്കുകയും അതുപയോഗിച്ച് തട്ടിപ്പു നടത്തുകയുമായിരുന്നു ഇവർ. കോൾസെന്ററിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പൊലീസ് ഫ്ളോർ സൂപ്പർ, രണ്ട് സൂപ്പർവൈസർമാർ, 14 ഏജന്റുമാർ എന്നിവരടക്കം 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിലപിടിപ്പുള്ള പല സോഫ്റ്റ്‌വെയറുകളും മറ്റും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. നിയമപരമായിട്ടായിരുന്നില്ല ഇവർ വി ഒ ഐപി സംവിധാനം ഉപയോഗിച്ചിരുന്നത്. ഈ ഇനത്തിൽ സർക്കാരിന് ഏറെ റവന്യൂ നഷ്ടവും ഉണ്ടായിട്ടുണ്ട്.
നരൈണ സ്റ്റേഷൻ ഓഫീസർക്ക് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തത്റ്റിൽ നിന്നും ഇവർ നിരവധിപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് ഡെപ്യുട്ടി കമ്മീഷണർ ഊർവിജ ഗോയൽ അറിയിച്ചു. ഇവർക്ക് ബ്രിട്ടനിലും ആളുകൾ ഉണ്ടായിരുന്നതായി സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ പ്രതിനിധികളുടെ സഹായത്തോടെയായിരിക്കണം ഇവർ ഡാറ്റ ശേഖരിച്ചത് എന്നും സംശയിക്കപ്പെടുന്നു.
അറസ്റ്റിലായവരുടേ മൊബൈൽ ഫോൺ ഡാറ്റകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്. ഇത് പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ ആഴം അറിയാനാകൂ. 34 കമ്പ്യുട്ടറുകൾ, ഒപ്റ്റിക്കൽ ഫൈബർ റൂട്ടേഴ്സ്, ലാൻ സെർവറുകൾ, വൈ-ഫൈ റൂട്ടറുകൾ, വൈ-ഫൈ സ്വിച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇതോടൊപ്പം ഫോറിൻ പേയ്മെന്റ് ഗേറ്റ്‌വേകളുടെ തെളിവുകൾ, വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ, ബ്രിട്ടനിലെ ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ അടങ്ങിയ ഫയൽ എന്നിവയും പൊലീസ് പിടിച്ചെടുത്തു .
മറുനാടന് മലയാളി ബ്യൂറോ