- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
6000 കടന്നു പുതിയ രോഗികളുമായി കോവിഡ് മുൻപോട്ട്; ഇന്ത്യൻ വകഭേദം നിലവിട്ടു വളരുന്നതോടെ ബോൾട്ടണിലും മാഞ്ചസ്റ്ററിലും ലങ്കാഷെയറിലും നിയന്ത്രണം തുടരും; വീടിനുള്ളിലെ കൂടിച്ചേരലുകൾക്ക് നിയന്ത്രണം
ബ്രിട്ടനിലെ കോവിഡ് കേസുകളുടെ എണ്ണം നിലവിട്ട് ഉയരുന്നു. ഇന്നലെ ഒരു ദിവസം മാത്രം 6048 രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ കണക്ക് താരതമ്യം ചെയ്തു നോക്കുമ്പോൾ 90 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം ഈ രീതിയിൽ തുടർന്നു പോവുകയാണെങ്കിൽ ജൂൺ 21ന് പ്രഖ്യാപിച്ചിരുന്ന ഫ്രീഡം ഡേ ഇനിയും വൈകുമെന്നാണ് നമ്പർ 10 വ്യക്തമാക്കുന്നത്. ജൂൺ 21 ആകുമ്പോഴേക്കും ദൈനംദിന കേസുകൾ 10,000ൽ എത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സർക്കാർ ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു.
രോഗവ്യാപന നിരക്ക് ഉയരുന്നതിനാൽ കഴിഞ്ഞയാഴ്ചയെ വച്ച് നോക്കുമ്പോൾ പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയായാണ് ഉയർന്നിരിക്കുന്നത്. ഡിസംബർ 22ന് ക്രിസ്മസിന് തൊട്ടുമുമ്പാണ് യുകെയിൽ അവസാനമായി ഒരു വലിയ കുതിപ്പ് രേഖപ്പെടുത്തിയത്. മുൻ ആഴ്‌ച്ചയേക്കാൾ ഇരട്ടി കേസുകളാണ് ക്രിസ്മസ് ആഴ്ച രേഖപ്പെടുത്തിയത്. അതേസാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കോവിഡ് ബാധിച്ച് 13 പേർ കൂടി ഇന്നലെ മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മേധാവികൾ പ്രഖ്യാപിച്ചു. ജൂൺ 21ന് ലോക്ക്ഡൗൺ വിലക്കുകൾ അവസാനിപ്പിക്കണമെന്ന് മുറവിളി ഉയരുമ്പോഴും ഡെൽറ്റ വകഭേദം മൂലമുള്ള ആശങ്ക ഉയർന്നതോടെ ഫ്രീം ഡേ വൈകിപ്പിക്കാൻ ആണ് സർക്കാർ ആലോചിക്കുന്നത്. ഡെൽറ്റ വകഭേദം സംബന്ധിച്ച് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ് മന്ത്രിമാർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുകയാണ്.
ലോക്ക്ഡൗൺ നിശ്ചയിച്ച തീയതിയിൽ തന്നെ അവസാനിപ്പിക്കണമെന്ന് വാദിച്ച് വന്നിരുന്ന പ്രധാനപ്പെട്ട മന്ത്രിമാരിൽ ഒരാളായ ഋഷി സുനകും ഇപ്പോൾ രണ്ടാഴ്ചയെങ്കിലും വിലക്കുകൾ നീളുന്നതിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. മന്ത്രിതല യോഗത്തിൽ ഋഷി സുനക് ഈ നിലപാട് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിക്ക് ജൂൺ 21 ഫ്രീഡം ഡേയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ കഴിയും. പരമാവധി രണ്ടാഴ്ച വരെ മാത്രം വിലക്ക് നീട്ടുന്നതിനാണ് സുനക് സമ്മതം മൂളിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ പേരിൽ ഫർലോംഗ് സ്‌കീം ഉൾപ്പെടെയുള്ള പദ്ധതികൾ നീട്ടാൻ കഴിയില്ലെന്ന് സുനക് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് കേസുകൾ വീണ്ടും തലപൊക്കിയതോടെയാണ് ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച സജീവമായത്. ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ് മേഖലയിലാണ് കോവിഡ് ഡെൽറ്റ വകഭേദം വ്യാപനം പ്രത്യക്ഷമായ വിലക്കുകൾക്ക് കാരണമാകുന്നത്. ഈ മേഖലകളിലെ ആറ് മില്ല്യൺ ജനങ്ങളോട് മറ്റ് ആളുകളുമായി ഔട്ട്‌ഡോർ കൂടിക്കാഴ്ച നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം, ഒപ്പം യാത്രകൾ ചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോൾട്ടണിൽ നിലവിലുള്ള വിലക്കുകൾ ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്കും, ലങ്കാഷെയറിലേക്കും വ്യാപിപ്പിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു.
മേഖലയിലെ 22 കൗൺസിലുകൾക്ക് കോവിഡ് ടെസ്റ്റിങ് നടത്താൻ സൈനിക സഹായം ലഭ്യമാക്കും. കൂടാതെ സെക്കൻഡറി സ്‌കൂളുകളിൽ ഫേസ് മാസ്‌കുകൾ നിർബന്ധമാക്കാൻ ആരോഗ്യ മേധാവികൾക്ക് അവകാശം നൽകും. നോർത്ത് വെസ്റ്റിൽ മാത്രമായി ലോക്ക്ഡൗൺ നടപ്പാക്കുന്ന നിർദ്ദേശങ്ങളല്ലെന്നും, പ്രദേശവാസികൾക്കുള്ള ഉപദേശമാണെന്നുമാണ് പ്രാദേശിക നേതാക്കൾ വാദിക്കുന്നത്.