ഗോളവത്ക്കരണകാലത്ത് ലോകം ഒരു ഗ്രാമമായി ചുരുങ്ങുമ്പോൾ, അവിടത്തെ നിവാസികൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള നാലുംകൂടിയകവലയാണ് ഇന്റർനെറ്റ് എന്നാണ് ഒരിക്കൽ ബിൽ ഗെയ്റ്റ്സ് പറഞ്ഞിട്ടുള്ളത്. ആ നാലുംകൂടിയകവലയിൽ ഒരു പ്രതിസന്ധി വന്നപ്പോൾ തകരാറിലായത് നൂറുകണക്കിന് വെബ്സൈറ്റുകളും.

ലോകത്തിലെ തന്നെ ആശയവിനിമയത്തെമണിക്കൂറുകളോളം ഇല്ലാതെയാക്കിയ ഈ പിഴവിന് കാരണമായത് പേരു വെളിപ്പെടുത്താത്ത ഒരു ഐ ടി ഉപഭോക്താവിന് സംഭവിച്ച പിഴവാണെന്നത് ആധുനിക സാങ്കേതിക വിദ്യയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന ഒന്നായി മാറി. ആമസോൺ, സ്പോർട്ടിഫൈ, നെറ്റ്ഫ്ളിക്സ്, ബി ബി സി, എന്നിവയുടേ വെബ്സൈറ്റുകൾക്കൊപ്പം ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബൈസ്റ്റിലേക്കും വൈറ്റ്ഹൗസിന്റെ ഔദ്യോഗിക സൈറ്റിലേക്കും ഉള്ള ആക്സസും ഇല്ലാതെയായി.

പ്രമുഖ അമേരിക്കൻ ക്ലൗഡ്- കമ്പ്യുട്ടിങ് കമ്പനിയായ ഫാസ്റ്റ്ലിയുടെ ഒരു ഉപഭോക്താവ് അവരുടേ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയതു മൂലമുണ്ടായ ഒരു സോഫ്റ്റ്‌വെയർ ബഗ്ഗ് ആണ് ഈ തകരാറുകൾക്ക് കാരണമായതെന്ന് കമ്പനി വെളിപ്പെടുത്തി. ലോകത്തിലെ തന്നെ പ്രമുഖ വെബ്സൈറ്റുകളെല്ലാം ചില വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളെ ആശ്രയിച്ച് തങ്ങളുടെ വെബ്സൈറ്റ് കൊണ്ടുപോകുന്നതിന്റെ സാംഗത്യവും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം വെബ്സൈറ്റിലേക്കുള്ള ട്രാഫിക്കിന്റെ പകുതിയിലധികവും ഫാസ്റ്റ്ലി പോലുള്ള കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്കിലൂടെയാണ് എത്തുന്നത്. ഇത്തരം കമ്പനികൾ വെബ്സൈറ്റിലെ കണ്ടന്റ് എളുപ്പത്തിൽ ലഭ്യമാക്കുവാൻ സഹായിക്കുന്നു.

ഒരു വെബ്സൈറ്റിൽ ഒരു ഡാറ്റയ്ക്കായുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞാ അത് ലഭിക്കുന്നതുവരെയുള്ള സമയം ലാറ്റൻസി എന്നറിയപ്പെടുന്നു. ഇത് കുറയ്ക്കുക എന്നതാണ് കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്കിന്റെ ഉദ്ദേശ്യം. ലാറ്റൻസി എത്രമാത്രം വർദ്ധിക്കുന്നുവോ ഉപഭോക്തൃ അനുഭവം അത്രത്തോളം മോശമായിരിക്കും. എന്നാൽ ഈ സേവനത്തിന്റെ ഏതെങ്കിലും തലത്തിൽ ഒരു പിഴവ് വന്നാൽ അത് ആ നെറ്റ്‌വർക്കിനെ ആശ്രയിക്കുന്ന വെബ്സൈറ്റുകളെ പ്രസ്തുത നെറ്റ് ഉപയോഗിക്കുന്നതിൽ നിന്നുംതടയുന്നു. ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിസന്ധിയിൽ ക്ഷമ ചോദിച്ച് ഫാസ്റ്റ്ലി പുറത്തിറക്കിയ ബ്ലോഗിൽ ഇത്തരം സാഹചര്യം മുൻകൂട്ടി കാണേണ്ടതായിരുന്നു എന്നും കമ്പനി പറയുന്നുണ്ട്.

ഒരു ഉപഭോക്താവ് തന്റെ സെറ്റിങ്സിൽ വരുത്തിയ മാറ്റങ്ങൾ രൂപപ്പെടുത്തിയ ഒരു സോഫ്റ്റ്‌വെയർ ബഗ്ഗാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കമ്പനിയുടെ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗം സീനിയർ വൈസ്പ്രസിഡണ്ട് നിക്ക് റോക്ക്വെൽ പറഞ്ഞു. ജൂൺ 8 നായിരുന്നു ഇത് രൂപപ്പെട്ടത്. ഇത് വലിയ പ്രതിസന്ധിയായി മാറിയതിന്റെ തൊട്ടടുത്ത നിമിഷം തന്നെ ഇത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടുവെന്നും കാരണം കണ്ടെത്തി ആ കോൺഫിഗറേഷൻ ഡിസേബിൾ ചെയ്തു എന്നും അദ്ദേഹം അറിയിച്ചു. 49 മിനിറ്റിനകം തന്നെ ഫാസ്റ്റ്ലി നെറ്റ്‌വർക്കിന്റെ 95 ശതമാനവും പ്രവർത്തനക്ഷമമായതായും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി മാറ്റുവാനുള്ള പ്രക്രിയകളുടെയും പ്രവർത്തനങ്ങളുടെയും ഒരു പോസ്റ്റ്മോർട്ടം കമ്പനി നടത്തുമെന്നും ഗുണപരിശോധനകൾക്കിടയിൽ ഇത്തരത്തിലുള്ള ഒരു ബഗ്ഗിനെ കണ്ടെത്താതിരുന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല പ്രമുഖ വെബ്സൈറ്റിലും എത്തിയവർക്ക് എറർ 503 എന്ന സന്ദേശമായിരുന്നു കാണാൻ കഴിഞ്ഞത്. ഈ ബഗ്ഗിന് കാരണക്കാരനായ ഉപഭോക്താവിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ തേടിയെങ്കിലും അക്കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം കമ്പനി നൽകിയില്ല.