മൂവാറ്റുപുഴ: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ട്രാവൽ ഏജൻസി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഇന്ത്യൻ ഇന്റർനാഷനൽ ടൂർസ് ആൻഡ് ട്രാവൽ സ്ഥാപനത്തിന്റെ ഉടമ തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം.മോഹനൻ(37) ആണു പിടിയിലായത്. റഷ്യ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും നാലര ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് റിപ്പോർട്ട്. തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിത്.

ട്രാവൽ ഏജൻസി നടത്തുന്ന ഇയാൾ വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചും സ്‌പോൺസർ ചെയ്തും പരിചയപ്പെടുന്ന യുവാക്കളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ജോബിയുടെ വാചക കസർത്തിൽ വീഴുന്ന യുവാക്കൾക്ക് ആദ്യം വിദേശത്ത് ജോലി വാഗ്ദാനം ചെയ്യും. റഷ്യ, കാനഡ, മലേഷ്യ, തായ്ലൻഡ്, എന്നീ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ മാളുകളിലും മറ്റുമാണ് ജോലി വാഗ്ദാനം ചെയ്യുക. ഇതോടെ യുവാക്കൾ ഇയാളുടെ കെണിയിൽ വീഴുകയും ചെയ്യും. പിന്നീടാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം ആവശ്യപ്പെടുന്നത്.

ജോലിക്കായി ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നതെങ്കിലും ജോബിയെ വിശ്വസിച്ച് എല്ലാവരും പണം നൽകുകയും ചെയ്യും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ യുവാക്കളിൽ നിന്ന് ഇയാൾ പണം തട്ടിയിട്ടുണ്ടെന്നു കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ കെ.എസ്.ഗോപകുമാർ പറഞ്ഞു.

ഓരോരുത്തരിൽ നിന്നു നാലര ലക്ഷത്തോളം രൂപ വീതമാണു വാങ്ങിയത്. ഇത്തരത്തിൽ രണ്ട് കോടിയോളം രൂപ ജോബിയും സഹായികളും ചേർന്നു തട്ടിയെടുത്തതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.