- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ സമ്പൂർണ്ണ ഇളവ്; ഇന്നും നാളേയും സമ്പൂർണ്ണ നിയന്ത്രണവും; പുറത്തിറങ്ങുന്നവരെ എല്ലാം അറസ്റ്റു ചെയ്യും; പൊലീസ് നടപ്പാക്കുക ഫലത്തിൽ ട്രിപ്പൾ ലോക്ഡൗൺ; ഇടവിട്ട് നിയന്ത്രണം കർശനമാക്കുന്നത് ഗുണകരമാകുമോ എന്നും സംശയം; കോവിഡ് ടിപിആർ 10%ത്തിൽ താഴെയാക്കാൻ പാടുപെട്ട് കേരളം
തിരുവനന്തപുരം: ഇന്നലെ റോഡിൽ മുഴുവൻ തിരക്കായിരുന്നു. ഇന്ന് നിയന്ത്രണവും, കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എന്നാൽ ചില ദിവസങ്ങളിൽ സമ്പൂർണ്ണ ഇളവ് അനുവദിച്ച ശേഷം രണ്ട് ദിവസം നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ രോഗ വ്യാപനം തടയാനാകുമോ എന്ന സംശയം ആാേഗ്യ വിദഗ്ദ്ധർക്കുണ്ട്. അവശ്യമേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രം ഇളവ്.
ഇന്ന് പൊലീസ് പരിശോധന കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും. വാഹനം പിടിച്ചെടുക്കും. വാഹന ഗതാഗതവും പൊതുജന സഞ്ചാരവും കർശനമായി നിയന്ത്രിക്കും. പ്രധാന പാതകളിലെല്ലാം ചെക്‌പോസ്റ്റ് പരിശോധനയുണ്ടാകും. കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യും. ഹോട്ടലുകളിലെത്തി പാഴ്‌സൽ വാങ്ങാനാവില്ല. ഹോം ഡെലിവറി മാത്രം (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ). അങ്ങനെ എല്ലാ അർത്ഥത്തിലും കടുപ്പിക്കുകയാണ് സർക്കാർ. ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യമാംസ വിൽപനശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
നിർമ്മാണ മേഖലയിലുള്ളവർക്കു മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. നിർമ്മാണ പ്രവർത്തനം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇല്ല. അവശ്യവിഭാഗക്കാർക്കായി പരിമിതമായ സർവീസുകൾ മാത്രം. കൂടുതൽ കേസുള്ള മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചു നിയന്ത്രണം. ചുമതല സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്. പുറത്തേക്കോ അകത്തേക്കോ വിടില്ല. ജനം വീട്ടിൽ തന്നെയെന്ന് ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ ഡ്രോൺ നിരീക്ഷണം. അവശ്യ സാധനങ്ങൾ എത്തിക്കാൻ പൊലീസ് സംവിധാനം.
ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്നും പുറത്തു നിന്നുള്ളവർ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ വീടു തോറും പരിശോധന. ക്വാറന്റൈൻ ലംഘിച്ചാൽ കോവിഡ് കെയർ സെന്ററിലാക്കും. ക്രിമിനൽ കേസുമെടുക്കും. കുടുംബാംഗങ്ങൾ സഹായിച്ചാൽ അവർക്കെതിരെയും കേസ്. കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണിയുടെ രൂക്ഷതയിൽ നിന്നു സംസ്ഥാനം മെല്ലെ മോചിതമാകുന്ന സാഹചര്യമാണുള്ളതെന്നും ലോക്ഡൗണിനോടു ജനങ്ങൾ പൂർണമായി സഹകരിച്ചതു കൊണ്ടാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
കേരളത്തിൽ ഇന്നലെ 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂർ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂർ 613, കോട്ടയം 635, ഇടുക്കി 559, കാസർഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂർ 8, കാസർഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂർ 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 5,30,743 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 31,510 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ