കേരളത്തിൽ ആർത്തവം ഒരു സാമൂഹ്യ പ്രശ്നമായി കത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ തന്നെയയിരുന്നു അമിക ജോർജ്ജ് എന്ന മലയാളി പെൺകുട്ടി അർത്തവത്തെ പൊതുചർച്ചയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, ഒരു വ്യത്യാസമുണ്ടായിരുന്നത്, അമിക ആർത്തവം ഉയർത്തിക്കൊണ്ടുവന്നത് പെൺകുട്ടികളെ സഹായിക്കാനായിരുന്നു എന്നതാണ്. സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവകാലത്ത് ഉപയോഗിക്കാനുള്ള നാപ്കിനുകൾ അടക്കമുള്ളവ സൗജന്യമായി വിതരണം ചെയ്യണം എന്നതായിരുന്നു അമികയുടെ ആവശ്യം.

2017-ലായിരുന്നു ആർത്തവം ഒരു പ്രധാന വിഷയമായി ബ്രിട്ടനിലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്കെത്തുന്നത്. ആർത്തവത്തിന്റെ ശുദ്ധാശുദ്ധങ്ങളല്ലായിരുന്നു അവിടെ ചർച്ചയായത്, മറിച്ച്, ആർത്തവകാലത്ത് പെൺകുട്ടികൾ, പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു. നിരവധി പെൺകുട്ടികളാണ് ആർത്തവകാലത്ത് സാനിറ്ററി നാപ്കിൻ പോലുള്ള അത്യാവശ്യ ഉദ്പന്നങ്ങൾ ലഭിക്കാത്തതിനാൽ പഠനംതാത്ക്കാലികമായി തടസ്സപ്പെടുന്നവരായി ഉള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളായിരുന്നു ഇവരിൽ അധികവും.

ഈ പ്രശ്നം പരിഹരിക്കുന്നതിനായിട്ടായിരുന്നു ഫ്രീ പിരീഡ്സ് എന്ന കാമ്പയെനുമായി അമിക ജോർജ്ജ് മുന്നിട്ടിറങ്ങിയത്. ആർത്തവകാലത്ത് പെൺകുട്ടികൾക്ക് ആവശ്യമായ സാനിറ്ററി നാപ്കിൻ ഉൾപ്പടേയുള്ള ഉദ്പന്നങ്ങൾ സ്‌കൂളുകളിൽ സൗജന്യമായി ലഭ്യമാക്കണമെന്നതായിരുന്നു ആവശ്യം. അമിക തുടങ്ങിയ കാമ്പേയ്നിൽ അധികം വൈകാത രണ്ടേമുക്കാൽ ലക്ഷം പേരാണ് ഒപ്പുവച്ചത്. ഇതോടെ കാമ്പെയ്ൻ അവഗണിക്കുവാൻ സർക്കാരിന് കഴിയാത്ത അവസ്ഥ വന്നു.

തുടർന്നായിരുന്നു ആർത്തവകാലത്ത് ആവശ്യമായ ഉദ്പന്നങ്ങൾ സ്‌കൂളുകളിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഫണ്ട് സർക്കാർ അനുവദിച്ചത്. അമികയുടെ പ്രചാരണത്തിന് ലഭിച്ച ജനപിന്തുണകാരണം ഇത് പാർലമെന്റിലും ചർച്ചയായിരുന്നു. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു. ഒരു ചാരിറ്റി സംരംഭം പ്രസിദ്ധീകരിച്ച ഒരു ലേഖനമായിരുന്നു ഇത്തരത്തിലുള്ള ഒരു മുന്നേറ്റമുണ്ടാക്കാൻ അമികക്ക് പ്രേരണയായത്.

സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ളവ വാങ്ങുവാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാൽ പല പെൺകുട്ടികളുമാർത്തവകാലത്ത് വിദ്യാഭ്യാസം തത്ക്കാലത്തേക്ക് നിർത്തുന്നു എന്നായിരുന്നു അതിൽ പറഞ്ഞിരുന്നഹ്റ്റ്. മാത്രമല്ല, ഇത്തരത്തിലുള്ള ഉദ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തത് അവരുടെ ആത്മവിശ്വാസത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. പലരും, വിലക്കുറവിൽ ലഭിക്കുന്ന അപകടകാരികളായ ഉദ്പന്നങ്ങൾ ഇവയ്ക്ക് പകരമായി ഉപയോഗിക്കുന്നതായും ആ ലേഖനത്തിൽ വിവരിച്ചിരുന്നു.

ഈ ലേഖനമാണ് ആർത്തവകാലത്ത് വിദ്യാർത്ഥിനികൾക്ക് സൗജന്യ നാപ്കിൻ എന്ന ആശയത്തിലേക്ക് എത്തിച്ചത്. അതിനെ തുടർന്നായിരുന്നു പ്രചാരണം ആരംഭിക്കുന്നതും അത് ഒരു ചരിത്ര സംഭവമായി മാറുന്നതും. അമികയുടെ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ ഇപ്പോഴിതാ ഒരിക്കൽ കൂടി അമികയെ അംഗീകരിക്കുകയാണ്. പത്മഭൂഷൺ പുരസ്‌കാരത്തോട് തുല്യമായ, ബ്രിട്ടനിലെ ദേശീയ ബഹുമതിയായ എം ബി ഇ പുരസ്‌കാരം നൽകിയാണ് 21 കാരിയായ അമികയെ ബ്രിട്ടൻ ആദരിക്കുന്നത്.ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടി ആയിരിക്കുകയാണ് ഈ മലയാളി പെൺകുട്ടി.

നേരത്തേ, ടൈം മാസികയുടെ ഏറ്റവും സ്വാധീനശക്തിയുള്ള കൗമാരക്കാരുടെ ലിസ്റ്റിൽ അമികയുടെ പേര് വന്നിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട കാമ്പെയ്ൻ വൻവിജയമായതോടെ 2018-ലെ ലിസ്റ്റിലായിരുന്നു അമികയുടെ പേരുണ്ടായിരുന്നത്. അതിനു പുറമെ ബിഗ് ഇഷ്യുവിന്റെ ടോപ് 100 ചേഞ്ച് മേക്കേഴ്സ് ലിസ്റ്റിലും അമിക പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുപുറമെ 2018-ലെ ബിൽ ആൻഡ് മെലിസ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഗോൾകീപ്പെഴ്സ് അവാർഡിനും അമിക ജോർജ്ജ അർഹയായിരുന്നു.

മലയാളികളായ മാതാപിതാക്കളുടെ മകളായി നോർത്ത് ലണ്ടനിലായിരുന്നു അമികയുടെ ജനനം യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ മുറേ ഏഡ്വേഡ്സ് കോളേജിൽ പഠിക്കുകയാണ് അമിക.