കോവിഡ് വ്യാപനം നിയന്ത്രണാധീനമാക്കിയ ബ്രിട്ടന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ലോക്ക്ഡൗണിൽ പൂർണ്ണ ഇളവുകൾ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കണമെന്ന പൊതുവികാരം ബ്രിട്ടനിൽ ശക്തമാവുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 21 പ്രഖ്യാപിക്കാനിരുന്ന അവസാന ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുത്തുന്നത് ജൂലായ് 19 വരെ നീട്ടുവാൻ സർക്കാർ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്നലെ നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ 53 ശതമാനം പേരും ഇളവുകൾപ്രഖ്യാപിക്കുന്നത് നീട്ടണമെന്ന അഭിപ്രായപ്പെട്ടപ്പോൾ 25 ശതമാനം പേർ നിയന്ത്രണങ്ങൾ കുറേ കാലത്തേക്കുകൂടി ആവശ്യമാണെന്ന് പറഞ്ഞു.

34 ശതമാനം പേർ മാത്രമാണ് നേരത്തേ നിശ്ചയിച്ചതുപോലെ ജൂൺ 21 ന് തന്നെ ഇളവുകൾ പ്രാബല്യത്തിൽ വരുത്തണമെന്ന് പറഞ്ഞത്. മറ്റൊരു ചോദ്യത്തിന് ഉത്തരമായി 22 ശതമാനം പേർ പറഞ്ഞത് അവർ ഏറ്റവും വെറുക്കുന്ന നിയന്ത്രണം അകത്തളങ്ങളിൽ ആറുപേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന നിയന്ത്രണമാണെന്നായിരുന്നു. ആദ്യം ഈ നിയന്ത്രണം നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഏതായാലും, ഈ സർവ്വേഫലം വരുന്നതിനു മുൻപായി തന്നെ ലോക്ക്ഡൗൺ പിൻവലിക്കൽ നാലാഴ്‌ച്ചത്തേക്ക് നീട്ടൻ ബോറിസ് ജോൺസൺ തീരുമാനിച്ചിരുന്നതായാണ് അറിവ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കണമെന്ന് വാദിക്കുന്ന എം പിമാരുടേയും വ്യാപാരി-വ്യവസായി സമൂഹത്തിന്റെയും അതൃപ്തി ക്ഷണിച്ചുവരുത്തുമെന്നറിയാമെങ്കിലും വേറെ വഴിയില്ലെന്നാണ് ബോറിസ് ജോൺസനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാലും, ലോക്ക്ഡൗൺ പെട്ടെന്ന് നീക്കണമെന്ന് വാദിക്കുന്ന ചാൻസലർ ഋഷി സുനാക് ഉൾപ്പടെയുള്ളവരുടെ കോപം തണുപ്പിക്കാനായി രണ്ടാഴ്‌ച്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി ലോക്ക്ഡൗണിന്റെ ഭാവി നിശ്ചയിക്കാമെന്ന ഒരു നിലപാടും ബോറിസ് എടുക്കുമെന്ന് കരുതുന്നു.

ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനമാണ് ബ്രിട്ടന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രോഗവ്യാപനം ശക്തമായതോടെ പാക്കിസ്ഥാനും ബംഗ്ലാദേശും റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും പിന്നെയും ആഴ്‌ച്ചകൾ കഴിഞ്ഞാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള ഇന്ത്യയെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത് ഇന്ത്യയിൽ നിന്നും നിരവധി പേർ ബ്രിട്ടനിലെത്താനും ക്വാറന്റൈന് വിധേയരാകാതിരിക്കാനുമുള്ള സാഹചര്യമൊരുക്കി. ഇതാണ് ഇപ്പോഴുള്ള രോഗവ്യാപനത്തിന് കാരണമായി പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വൈകിയതിൽ ബോറിസ് ജോൺസനെ തിരെ കടുത്ത ആരോപണങ്ങൾ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ, രോഗവ്യാപനം കൈവിട്ടുപോകാതെ സൂക്ഷിക്കുക എന്നത് ബോറിസ് ജോൺസന്റെ ബാദ്ധ്യതയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത് നീട്ടുന്നതിനെ കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നത്. ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെ രാത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതുവരെ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 54.2 ശതമാനം പേർക്ക് മാത്രമാണ് വാക്സിന്റെ രണ്ടു ഡോസുകളൂം ലഭിച്ചിരിക്കുന്നത്. മാത്രമല്ല, യുവാക്കളിൽ ഏറിയ പങ്കിനും വാക്സിൻ എടുക്കുവാനുള്ള അവസരം ലഭിച്ചിട്ടുമില്ല. ഇത്തരം സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതെയാക്കുന്നത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇതും സർക്കാർ കണക്കിലെടുക്കുന്നുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നത് ഒരു മാസത്തേക്ക് നീട്ടിയാൽ, കൂടുതൽ പേർക്ക് വാക്സിൻ നൽകുവാനും അതുവഴി ഭാവിയിലെ രോഗവ്യാപനം ഗുരുതരമാകാതെ കാക്കാനും സാധിക്കും എന്ന് സർക്കാർ കരുതുന്നു.